ന്യൂഡൽഹി: പുതിയ ഇന്ത്യയെന്ന പ്രതിജ്ഞയുടെ സാഫല്യത്തിലേക്കുള്ള പ്രയാണത്തിനു തുടക്കമിട്ട്, നരേന്ദ്രമോദി സർക്കാർ 30 ന് അധികാരമേൽക്കും.രാഷ്ട്രപതിഭവനിൽ വ്യാഴാഴ്ച വൈകിട്ട് ഏഴിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എൻ.ഡി.എ നേതൃത്വം നൽകുന്ന രണ്ടാം മോദി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാമുഖ്യമുണ്ടാകും. മുൻ മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളെ നിലനിറുത്തി, സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് ബി.ജെ.പി. ചടങ്ങിൽ വിദേശ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ആരെല്ലാമെത്തുമെന്ന് വിദേശകാര്യ മന്ത്രിലായം സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച് വൈകിട്ടു തന്നെ രാഷ്ട്രപതി ഉത്തരവിറക്കിയിരുന്നു.
പ്രധാനമന്ത്രി പദത്തിലെ രണ്ടാംവട്ട നിയോഗം ഏറ്റെടുക്കുന്നതിനു മുമ്പ്, ഇന്നലെ ഗുജറാത്തിലെത്തിയ മോദി അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം വാങ്ങി. അമ്മയുടെ വാത്സല്യത്തണലിൽ അല്പനേരം ചെലവിട്ട മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കൊപ്പം അഹമ്മദാബാദിലെ റാലിയിലും പങ്കെടുത്തു. ഇന്ന് വാരണാസിയിലെത്തുന്ന മോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.
വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ, മന്ത്രിസഭയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തലസ്ഥാനത്ത് ശക്തമാണ്. എൻ.ഡി.എയുടെ ചരിത്രജയത്തിലേക്കു നയിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനായി ഉണ്ടാകുമെന്നാണ് സൂചനകൾ. രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, പീയൂഷ് ഗോയൽ, നിർമ്മല സീതാരാമൻ തുടങ്ങി മുതിർന്ന നേതാക്കൾ തുടരും. അമേതിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയെ പരാജയപ്പെടുത്തി, ജയന്റ് കില്ലർ പരിവേഷവുമായി എത്തുന്ന സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പുകളിലൊന്ന് ലഭിക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം അരുൺ ജയ്റ്റ്ലിയും സുഷമ സ്വരാജും മന്ത്രസഭയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ശിവസേന രണ്ട് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ മൂന്ന് മന്ത്രിപദത്തിന് പിടിമുറുക്കുന്നതായി സൂചനയുണ്ട്. മറ്റ് സഖ്യകക്ഷികളായ ജെ.ഡി.യു, എൽ.ജെ.പി തുടങ്ങിയവർക്കൊപ്പം ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസിനും പ്രതിനിധികളുണ്ടാവും.