ന്യൂഡൽഹി: മക്കളെ സ്ഥാനാർത്ഥിയാക്കാൻ മുതിർന്ന നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ ശനിയാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുതിർന്ന നേതാവ് പി.ചിദംബരം എന്നിവർക്കെതിരെ വിമർശനമുയർന്നത്.
മക്കളെ മത്സരിപ്പിക്കാനായി ഇവർ കടുത്ത സമ്മർദ്ദം ചെലുത്തി. ഭരണത്തിലുള്ള ഈ സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്താനാകാതെ പോയത് മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തിയതിനാലാണ്. പല വിഷയങ്ങളും ഏറ്റെടുക്കുന്നതിൽ നേതാക്കൾ പരാജയപ്പെട്ടു. എന്നിങ്ങനെ രാഹുൽ പ്രവർത്തക സമിതിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്.
അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് രാജസ്ഥാനിലെ ജോധ്പുരിൽ പരാജയപ്പെട്ടിരുന്നു. കമൽനാഥിന്റെ മകൻ നകുൽ നാഥ് മദ്ധ്യപ്രദേശിലെ ചിന്ദ് വാഡയിൽ നിന്നും ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നും വിജയിച്ചു. മദ്ധ്യപ്രദേശിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. രാജസ്ഥാനിൽ ഒന്നും കിട്ടിയതുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ രാഹുൽ പ്രകടിപ്പിച്ച സന്നദ്ധത കോൺഗ്രസ് പ്രവർത്തന സമിതി ഏകകണ്ഠമായി തള്ളിയിരുന്നു. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ സമഗ്ര അഴിച്ചുപണിക്ക് പ്രവർത്തക സമിതി രാഹുലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.