rahul-gandhi
rahul gandhi

ന്യൂഡൽഹി: രാജിസന്നദ്ധത തള്ളി പ്രവർത്തകസമിതി ഏകകണ്ഠേന പ്രമേയം പാസാക്കിയെങ്കിലും കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന രാഹുൽ ഗാന്ധി പകരക്കാരനെ കണ്ടത്താൻ നിർദ്ദേശം നൽകിയെന്ന് സൂചന.

തുടക്കത്തിൽ എതിർത്ത സോണിയാഗാന്ധിയും പ്രിയങ്കയും രാഹുലിന്റെ രാജി തീരുമാനത്തോട് ഇപ്പോൾ യോജിപ്പ് പ്രകടിപ്പിച്ചതായും ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം മറ്റൊരാൾ അവരോധിതനാകും വരെ രാഹുൽ

തുടരുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, രാഹുലിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അദ്ധ്യക്ഷനെ കണ്ടെത്താൻ തന്നെ സന്ദർശിച്ച മുതിർന്ന നേതാവ് അഹമ്മദ് പട്ടേലിനോടും സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനോടും രാഹുൽ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വാർത്ത.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായുള്ള കൂടിക്കാഴ്ചയും രാഹുൽ റദ്ദാക്കി.

പ്രചാരണത്തിൽ തനിക്കൊപ്പം മുതിർന്ന നേതാക്കൾ നിന്നില്ലെന്നും മക്കൾക്ക് വേണ്ടി സീറ്റിനായി വാശിപിടിച്ചെന്നും രാഹുൽ പ്രവർത്തകസമിതിയിൽ വിമർശിച്ചിരുന്നു.

മൂന്ന് അദ്ധ്യക്ഷന്മാർ

കൂടി രാജി നൽകി

ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മൂന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്മാർകൂടി രാജിവച്ചു. പഞ്ചാബ് പി.സി.സി അദ്ധ്യക്ഷൻ സുനിൽ ജാക്കർ, ജാർഖണ്ഡിലെ ഡോ. അജോയ് കുമാർ, അസാമിലെ റിപുൻ ബോറ എന്നിവരാണ് രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്ക് അയച്ചത്.

പഞ്ചാബിലെ 13ൽ എട്ട് സീറ്റും കോൺഗ്രസ് നേടിയിരുന്നെങ്കിലും ഗുരുദാസ്‌പുരിൽ ബോളിവുഡ് താരം സണ്ണി ഡിയോളിനോട് സുനിൽ ജാക്കർ പരാജയപ്പെട്ടിരുന്നു. അസാമിൽ 3 സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്. ബി.ജെ.പി 9 സീറ്റ് നേടിയിരുന്നു. ജാർഖണ്ഡിൽ ഒരു സീറ്റാണ് കോൺഗ്രസിന് കിട്ടിയത്.

നേരത്തേ യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ രാജ് ബബ്ബർ, ഒഡിഷയിലെ അദ്ധ്യക്ഷൻ നിരഞ്ജൻ പട്നായിക്ക്, മഹാരാഷ്ട്രയിൽ അശോക് ചവാൻ, കർണാടക കാമ്പെയിൻ മാനേജർ എച്ച്.കെ. പാട്ടീൽ എന്നിവർ രാഹുലിന് രാജിക്കത്ത് കൈമാറിയിരുന്നു.