ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം സി.പി.എം നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനറൽ സെക്രട്ടറി പദമൊഴിയാൻ സീതാറാം യെച്ചൂരി സന്നദ്ധത പ്രകടിപ്പിച്ചതായി സൂചന. തിരഞ്ഞെടുപ്പ് തിരിച്ചടി വിലയിരുത്താൻ രണ്ടു ദിവസമായി നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് യെച്ചൂരി രാജിക്കാര്യം സൂചിപ്പിച്ചത്. എന്നാൽ, തോൽവി ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് വ്യക്തമാക്കി പി.ബി രാജി സന്നദ്ധത തള്ളിയതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ ഉത്തരവാദിത്വം തനിക്കുണ്ടെന്ന് പി.ബി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. പാർട്ടി പ്രവർത്തിക്കുന്നത് കൂട്ടുത്തരവാദിത്വത്തിലാണ്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഒന്നാമത്തെ ഉത്തരവാദിത്വം തനിക്കാണ്.
ദേശീയ തലത്തിൽ സി.പി.എം കോൺഗ്രസിനൊപ്പം നിന്നത് സംസ്ഥാനത്ത് പാർട്ടിക്കു തിരിച്ചടിയുണ്ടാക്കിയെന്ന് കേരള ഘടകം വിമർശനമുന്നയിച്ചതായും സൂചനയുണ്ട്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന ധാരണയുണ്ടാക്കാൻ ഈ നിലപാട് ഇടയാക്കി. എന്നാൽ ഇതു സംബന്ധിച്ച് കേരള ഘടകത്തിന് വിമർശനമുള്ളതായി അറിയില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.
കേരളത്തിൽ ശബരിമലയടക്കമുള്ള വിഷയങ്ങൾ കനത്ത തോൽവിക്ക് കാരണമായിട്ടുണ്ടോയെന്ന് സി.പി.എം പരിശോധിക്കും. അതേസമയം ന്യൂനപക്ഷ ഏകീകരണമെന്ന വാദം പി.ബി തള്ളി.
ശക്തികേന്ദ്രങ്ങളിൽ കനത്ത വോട്ടുചോർച്ച: യെച്ചൂരി
ന്യൂഡൽഹി: പാർട്ടി ശക്തികേന്ദ്രങ്ങളിലടക്കം കനത്ത വോട്ട് ചോർച്ചയുണ്ടായതായി പി.ബി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് യെച്ചൂരി പറഞ്ഞു. തിരിച്ചടി സംസ്ഥാന സമിതികൾ വിശദമായി പരിശോധിക്കും. ഈ റിപ്പോർട്ട് ജൂൺ ഏഴ് മുതൽ 9 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും. തിരുത്തൽ നടപടികൾ തീരുമാനിക്കും.
മേയ് 30, 31, ജൂൺ 1 തീയിതികളിൽ നടക്കുന്ന കേരളത്തിലെ സംസ്ഥാന സമിതിയോഗത്തിൽ യെച്ചൂരി പങ്കെടുക്കും.
ജനജീവിതത്തെ സാരമായി ബാധിച്ച ഇന്ധനവിലക്കയറ്റം, നോട്ടുനിരോധനം, ജി.എസ്.ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെ ബാലകോട്ടും പുൽവാമയും പോലുള്ള അതിവൈകാരിക വിഷയങ്ങളും തീവ്രദേശീയതയും ഉയർത്തി മറികടക്കാൻ ബി.ജെ.പിക്ക് സാധിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പിന്തുണയോടെയുമാണ് മോദി പ്രഭാവം സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷനും ഇതിൽ പങ്കുണ്ട്. സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കമ്മിഷൻ പരാജയപ്പെട്ടു.
പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയൻ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു.