amit-shah

ന്യൂഡൽഹി:അമിത് ഷാ മോദി മന്ത്രിസഭയിൽ അംഗമായാൽ ആര് പാർട്ടി അദ്ധ്യക്ഷനാവണമെന്ന ചർച്ച ബി.ജെ.പിയിൽ സജീവമായി. പാർട്ടിയെ തുടർച്ചയായ വിജയങ്ങളിലേക്ക് നയിച്ച അമിത് ഷായെന്ന തന്ത്രശാലിക്ക് പകരക്കാരനെ കണ്ടെത്തുക നേതൃത്വത്തിന് വെല്ലുവിളിയാണ്. 2014 ജൂലായിൽ രാജ്നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2016ലാണ് ആദ്യത്തെ പൂർണമായ മൂന്നു വർഷ ടേം ലഭിക്കുന്നത്. 2019ൽ കാലാവധി പൂർത്തിയായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടി നൽകുകയായിരുന്നു.

2014ൽ യു.പിയുടെ ചുമതല വഹിച്ച അമിത് ഷാ വമ്പൻ വിജയമാണ് പാർട്ടിക്ക് നൽകിയത്. അദ്ധ്യക്ഷനായ ശേഷം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചു. ഇത്തവണ ഗാന്ധിനഗറിൽ സ്ഥാനാർത്ഥിയായപ്പോൾ തന്നെ മോദി സർക്കാർ വീണ്ടും വന്നാൽ അമിത് ഷാ രണ്ടാമനാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 5.7 ലക്ഷം വോട്ടിന്റെ ചരിത്ര വിജയം നേടിയ അദ്ദേഹത്തിന് സുപ്രധാനമായ ആഭ്യന്തരമോ, ധനവകുപ്പോ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ജെ.പി നദ്ദ, ധർമ്മേന്ദ്രപ്രധാൻ, ഭൂപേന്ദ്രയാദവ്

മോദി - ഷാ ടീമിന്റെ വിശ്വസ്തരായ കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ധർമ്മേന്ദ്ര പ്രധാൻ , രാജ്യസഭാംഗമായ ഭൂപേന്ദ്രയാദവ് എന്നിവരെയാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം.പിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായ ജെ.പി നദ്ദ പാർട്ടിയുടെ തന്ത്രജ്ഞരിൽ ഒരാളാണ്. യു. പിയുടെ ചുമതലക്കാരനായിരുന്നു. മഹാസഖ്യത്തെ പരാജയപ്പെടുത്തിയ ബി.ജെ.പിക്ക് അമേതിയിൽ രാഹുലിന്റെ തോൽവി ഇരട്ടിമധുരമായി. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്‌മാൻ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാൻ എന്നിവയുടെ പിന്നണിയിൽ നിന്നു .

കേന്ദ്രപെട്രോളിയം മന്ത്രിയായ ധർമ്മേന്ദ്ര പ്രധാൻ ഇക്കുറി ഒഡിഷയുടെ ചുമതലയാണ് വഹിച്ചത്. ഒഡിഷയിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. വിദ്യാർത്ഥി കാലം മുതൽ ആർ.എസ്.എസിൽ സജീവം. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവ് ഭരണഘടനാ തന്ത്രജ്ഞനാണ. പത്ത് ശതമാനം സാമ്പത്തിക സംവരണം പാസാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പാർട്ടി ജനറൽസെക്രട്ടറിയെന്ന നിലയിൽ മോദിയുടെ ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. അമിത്ഷായുടെ അടുത്ത അനുയായിയാണ്.

ദക്ഷിണേന്ത്യയിൽ നിന്നൊരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ചാൽ നിർമ്മല സീതാരാമനാണ് സാദ്ധ്യത. ജമ്മുകാശ്‌മീരിൽ പി.ഡി.പി ബി.ജെ.പി സഖ്യത്തിന് ചുക്കാൻ പിടിച്ച ജനറൽ സെക്രട്ടറി രാംമാധവും പരിഗണനയിലുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.