rahul-gandhi

ന്യൂഡൽഹി: കർണാടകയിലും രാജസ്ഥാനിലും സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി നീക്കം ശക്തമാക്കിയിരിക്കെ, കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്നത് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ തുഗ്ലക്ക് ലെയ്‌നിലെ വസതിയിൽ നിന്ന് പാർട്ടി ആസ്ഥാനത്തേക്ക് വന്നിട്ടില്ല. മുതിർന്ന ചില നേതാക്കളെ കാണാൻ കൂട്ടാക്കുന്നുമില്ല. രാഹുലിന്റെ മനസ് മാറ്റാനുള്ള നേതാക്കളുടെ ശ്രമം തുടരുകയാണ്.

ഇന്നലെ രാവിലെ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വക്താവ് രൺദീപ് സിംഗ് സുർജേവാല എന്നിവർ രാഹുലിനെ കണ്ടു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അദ്ധ്യക്ഷനാകണമെന്ന നിലപാട് രാഹുൽ ആവർത്തിച്ചെന്നാണ് സൂചന. അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ രാഹുൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന നിർദ്ദേശം വന്നതായും സൂചനയുണ്ട്. മറ്റൊരാളെ കണ്ടെത്തുന്നതുവരെ പദവിയിൽ തുടരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനിൽ ഒരുവിഭാഗം മന്ത്രിമാരും നേതാക്കളും അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റുമായും ഗെലോട്ടുമായും രാഹുൽ വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് രാഹുലിനെ പ്രകോപിപ്പിച്ചത്. രാജസ്ഥാനിൽ മുഴുവൻ സീറ്റിലും പരാജയപ്പെട്ടു. മദ്ധ്യപ്രദേശിൽ ഒന്നും ഛത്തീസ്ഗഡിൽ രണ്ടും സീറ്റാണ് കിട്ടിയത്. വ്യക്തിപരമായ താത്പര്യത്തിന് വേണ്ടി പാർട്ടി താത്പര്യത്തെ മുതിർന്ന നേതാക്കൾ ബലികഴിച്ചു. മദ്ധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ ഗെലോട്ടും മക്കൾ മത്സരിച്ച സീറ്റിൽ കൂടുതൽ ശ്രദ്ധിച്ചെന്നാണ് രാഹുലിന്റെ വിമർശനം.

ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗുലാംനബി ആസാദും കെ.സി. വേണുഗോപാലും ക‌ർണാടകയിലേക്ക് തിരിച്ചു.

ബി.എസ്.പിയുടേത് ഉൾപ്പെടെ 25ഓളം എം.എൽ.എമാർ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രവർത്തനത്തിൽ അതൃപ്തരാണെന്ന് ബി.ജെ.പി നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

''രാഹുൽ രാജിവയ്ക്കുകയല്ല, തോൽവിയുടെ ഉത്തരവാദികളെ പുറത്താക്കി പുനഃസംഘടന നടത്തുകയാണ് ചെയ്യേണ്ടത്''

-പ്രമോദ് തിവാരി

സീനിയർ നേതാവ്

''രാഹുൽ തുടരണം. ചില മുതിർന്ന നേതാക്കളുടെ പ്രവർത്തനത്തിൽ രാഹുലിന് കടുത്ത അതൃപ്തിയുണ്ട്''

-തരുൺ ഗോഗോയ്

അസാം മുൻ മുഖ്യമന്ത്രി

''രാഹുൽ രാജിവയ്ക്കരുത്''

- എം.കെ. സ്റ്റാലിൻ

ഡി.എം.കെ നേതാവ്

'' രാഹുൽ പദവിയൊഴിയുന്നത് ആത്മഹത്യാപരമായിരിക്കും. ബി.ജെ.പിയുടെ കെണിയിൽ വീഴരുത്. രാഹുൽ ഒഴിയുന്നത് സംഘപരിവാർ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തും. മറ്റൊരാൾ വന്നാൽ ഗാന്ധി കുടുംബത്തിന്റെ പാവയാണെന്ന ആരോപണവും ബി.ജെ.പി ഉന്നയിക്കും''

-- ലാലുപ്രസാദ് യാദവ്

ആർ.ജെ.ഡി അദ്ധ്യക്ഷൻ