modi

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ എൻ.ഡി.എയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ.

ഒരു കാബിനറ്റ് പദവിയും സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്ന ജെ.ഡി.യു അദ്ധ്യക്ഷൻ നിതീഷ് കുമാർ ഇക്കാര്യം ഇന്നലെ ബി.ജെ.പി നേതൃത്വവുമായി സംസാരിച്ചു. മോദിസർക്കാരുമായി നേരത്തേ കടുത്ത ഭിന്നതയിലായിരുന്ന ശിവസേനയ്‌ക്ക് 18 എം.പിമാരുണ്ടെങ്കിലും പരസ്യ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല. ആറ് അംഗങ്ങളുള്ള എൽ.ജെ.പിയിൽ നിന്ന് രാംവിലാസ് പാസ്വൻ തന്നെ മന്ത്രിസഭയിൽ തുടരും.

മകൻ ചിരാഗിനെ മന്ത്രിയാക്കാൻ പാസ്വാന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, അച്ഛൻ മന്ത്രിയായിരിക്കുന്ന പാർട്ടിയെ ലോക്‌സഭയിൽ നയിക്കാനാണ് താത്‌പര്യമെന്ന് ചിരാഗ് പറഞ്ഞതായാണ് റിപ്പോർട്ട്. നാഗാ പീപ്പിൾസ് പാർട്ടിയിൽ നിന്ന് അഗത സാംഗ്മ മന്ത്രിയാകുമെന്ന് സൂചനയുണ്ട്.

ബി.ജെ.പിയിൽ നിന്ന് കഴി‌ഞ്ഞ മന്ത്രിസഭയിലെ പ്രധാനികളെല്ലാം തുടർന്നേക്കും. അമിത് ഷാ ധനകാര്യം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന വകുപ്പുകളിലൊന്നിൽ എത്തും. അതേസമയം, പാർട്ടിയിലെ ചിലർ തന്നെ ഇത് തള്ളിക്കളയുന്നുമുണ്ട്. ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അമിത് ഷാ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറുന്നത് ഉചിതമാകില്ലെന്നാണ് ഇവരുടെ വാദം. നാളെ മറ്റു മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാതെ, ബഡ്‌ജറ്റ് സമ്മേളനത്തിനു ശേഷം പുനസംഘടനാ ഘട്ടത്തിലാകും അമിത് ഷാ മന്ത്രിസഭയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.