അമിത് ഷാ മന്ത്രിസഭയിലേക്കില്ല?
കുമ്മനത്തെ ഡൽഹിക്ക് വിളിച്ചു
ന്യൂഡൽഹി: ചരിത്രം കുറിച്ച് തുടർച്ചയായി രണ്ടാംതവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിൻഗഡ്കരി, പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്‌മൃതി ഇറാനി, നിർമ്മല സീതാരാമൻ, നരേന്ദ്രസിംഗ് തോമർ, അർജുൻ മേഘ്‌വാൾ തുടങ്ങി ഒന്നാം മോദി സർക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന്റെ പ്രതിഫലനം പോലെ രാഷ്‌ട്രപതി ഭവൻ കണ്ട ഏറ്റവും
വലിയ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ. 6,500 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം, വി.മുരളീധരൻ എം.പി, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവരെയാണ് മന്ത്രിസഭയിലേക്ക് പറഞ്ഞു കേൾക്കുന്നത്. കണ്ണന്താനം കേന്ദ്രടൂറിസം മന്ത്രിയായി തുടരുമെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രി കേന്ദ്രത്തിൽ നിന്ന് വിളിച്ചതനുസരിച്ച് കുമ്മനം ഇന്ന് രാവിലത്തെ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാൽ മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് മോദിക്ക് ഇന്നലെ കത്ത് നൽകി. മോദി ഇന്നലെ രാത്രി ജയ്‌റ്റ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം വിദേശകാര്യമന്ത്രി സുഷമസ്വരാജും മന്ത്രിസഭയിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
അമിത് ഷാ മന്ത്രിയാകില്ല എന്നാണ് ഇന്നലെ രാത്രി വൈകി ലഭിച്ച സൂചനകൾ. ഇന്നലെ പകലും രാത്രിയും മോദിയും അമിത് ഷായും മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ മുഴുകിയിരുന്നു. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഇന്നലെ അമിത് ഷാ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായി തുടരണമെന്ന അഭിപ്രായം ശക്തമാണ്.
സഖ്യകക്ഷികളിൽ ജെ. ഡി. യുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും.
പിണറായി പങ്കെടുക്കില്ല
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെക്കൂടാതെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ല. മുൻപ്രധാനമന്ത്രി മൻമോഹൻസിംഗും യു.പി.എ ചെയർപേഴ്സൺ സോണിയഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാൻമർ,ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് എക്കണോമിക്ക് കോ - ഓപ്പറേഷൻ) രാജ്യങ്ങളിലെ തലവൻമാരെ മോദി അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിർഗിസ്ഥാൻ രാജ്യത്തലവൻമാരും പങ്കെടുക്കും.