ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നേതാക്കൾ സമ്മർദ്ദം ചെലുത്തിനിടെ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താൻ ഒരു മാസം സമയപരിധി നിശ്ചയിച്ച് രാഹുൽ ഗാന്ധി. അതുവരെ പദവിയിൽ തുടരാമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് രാഹുൽ ഗാന്ധിയെ കണ്ടു. പല നേതാക്കളെയും കാണാൻ രാഹുൽ കൂട്ടാക്കാത്തതിനാൽ അവർ പ്രിയങ്ക ഗാന്ധിയെ കണ്ടു മടങ്ങുകയാണ്. രാഹുൽ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വസതിക്ക് മുന്നിൽ നിരാഹാര സമരം നടത്തി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. വൈകിട്ട് വീണ്ടും പ്രവർത്തകർ പ്ലക്കാർഡുകളുമായി കൂട്ടമായി രാഹുലിന്റെ വസതിക്ക് മുന്നിലെത്തി. ഷീല ദീക്ഷിത്തും പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.

വൈകിട്ട് മൂന്നുമണിയോടെ രാഹുലുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുൽ പദവിയിൽ തുടരണമെന്ന് ഹരിയാന പി.സി.സി അദ്ധ്യക്ഷൻ അശോക് തൻവറും ഗുജറാത്ത് അദ്ധ്യക്ഷൻ അമിത് ചാവ്ടയും ആവശ്യപ്പെട്ടു. രാഹുൽഗാന്ധി തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.

.