ന്യൂഡൽഹി: അസാധാരണ വെല്ലുവിളിയാണ് ഇടതുപക്ഷം നേരിടുന്നതെന്നും കേരളത്തിലും ബംഗാളിലും വൻ വോട്ടുചോർച്ചയുണ്ടായെന്നും സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം ആവശ്യമാണ്. കേന്ദ്രത്തിൽ കോൺഗ്രസിനാണ് സർക്കാർ രൂപീകരിക്കാൻ കഴിയുകയെന്ന തോന്നലിൽ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായി മതേതര വോട്ടുകളുടെ ഏകീകരണം നടന്നു. ശബരിമല വിഷയത്തിലെ അടിയൊഴുക്കും കേരളത്തിലെ പരാജയത്തിന് കാരണമായിട്ടുണ്ടാവാമെന്നും യോഗം വിലയിരുത്തി. ഇടത് പാർട്ടികളുടെ പുനരേകീകരണ ആവശ്യം സി.പി.എം നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനും ദേശീയ കൗൺസിലിൽ പ്രമേയം കൊണ്ടുവരാനുമാണ് സി.പി.ഐയുടെ നീക്കം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണമാണ് സമകാലികസാഹചര്യം ആവശ്യപ്പെടുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർറെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും മാത്രമല്ല എല്ലാ ഇടതുപാർട്ടികളും ഒന്നിക്കേണ്ട സമയമാണിത്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പാർശ്വവത്കരണം രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇടതുപാർട്ടികളുടെ പുനരേകീകരണത്തിന് സി.പി.ഐ മുൻകൈയെടുക്കുമെന്നും സുധാകർ റെഡ്ഢി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ശൈലി സംബന്ധിച്ച ചോദ്യത്തിന്, വിനയവും ലാളിത്യവും കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പൊതുവിൽ ബാധകമായിട്ടുള്ളതാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം മറുപടി നൽകി.