amitsha

അഹമ്മദാബാദിലെ നരൻപുര വാർഡ് സെക്രട്ടറി പദത്തിൽ ബി.ജെ.പിയുടെ കരുത്തനായ ദേശീയ അദ്ധ്യക്ഷനായി വളർന്ന രാഷ്ട്രീയ ജീവിതം. നരൻപുര വാർഡിലെ പോളിംഗ് ഏജന്റിന്റെ ചുമതലയാണ് ബി.ജെ.പിയിൽ അമിത് ഷാ ആദ്യം ഏറ്റെടുത്തത്. ഇന്ന് ബി.ജെ.പിയെ വിജയങ്ങളിൽ നിന്ന് മഹാവിജയത്തിലേക്കു നയിച്ച് തുടർഭരണം നേടിക്കൊടുത്ത് കരുത്തനായ പാർട്ടി അദ്ധ്യക്ഷനായിരിക്കെ രണ്ടാം മോദി മന്ത്രിസഭയിലേക്ക്.

അമിത് ഷായുടെ പതിനാറാം വയസിലാണ് ഗുജറാത്തിലെ മാൻസ ഗ്രാമത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് കുടുംബം എത്തുന്നത്. ആർ.എസ്.എസ് ആശയങ്ങളിൽ ആകൃഷ്‌ടനായി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലേക്ക്. 1984 -85ൽ ബി.ജെ.പി അംഗം. യുവമോർച്ച ദേശീയ ട്രഷറർ, ഗുജറാത്ത് ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ. രാമജന്മഭൂമി പ്രസ്ഥാനത്തിനായി പ്രവർത്തകരെ സംഘടിപ്പിച്ചു. 1989ൽ അഹമ്മദാബാദ് മണ്ഡലത്തിൽ എൽ.കെ അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല. 2009 വരെ അദ്വാനിയുടെ തിരഞ്ഞെടുപ്പു വിജയങ്ങൾക്ക് തന്ത്രമൊരുക്കി. ഗാന്ധിനഗറിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ തിരഞ്ഞെടുപ്പ് ചുമതലയും വഹിച്ചു. തന്ത്രശാലിയായ ഇലക്ഷൻ മാനേജർ എന്ന വിശേഷണം നേടിയെടുത്തു.

കോൺഗ്രസ് അടക്കിവാണ ഗുജറാത്തിൽ നരേന്ദ്രമോദിക്കൊപ്പം പാർട്ടിയെ വളർത്താൻ നേതൃത്വപരമായ പങ്കു വഹിച്ചു.1997ൽ സാർക്കേജ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി. സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളിൽ ബി.ജെ.പിയെ വിജയിപ്പിക്കുന്നതിൽ നിർണായക നേതൃത്വം വഹിച്ചു.

2001ൽ ബി.ജെ.പി കോപ്പറേറ്റീവ് കമ്മിറ്റിയുടെ ദേശീയ കൺവീനർ.

2002 ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ആരോപണ വിധേയനായി.

2014 ലെ തിരഞ്ഞെടുപ്പിൽ യു.പിയുടെ ചുമതലവഹിച്ചു. 80 ൽ 73 സീറ്റും ബി.ജെ.പി നേടി. 2014 ൽ രാജ്നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതു മുതൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ പദവിയിൽ. അദ്ധ്യക്ഷനായ ശേഷം മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ചു.

2017 ആഗസ്റ്റ് മുതൽ രാജ്യസഭാംഗം. 2019ൽ എൽ.കെ അദ്വാനിയെ മാറ്റി ആദ്യമായി ലോക്‌സഭയിലേക്ക് മത്സരം. അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം.