modi
മോദി

ന്യൂഡൽഹി:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിന്റെ വി.മുരളീധരനുമടക്കം 22 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 58 അംഗ രണ്ടാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇന്നലെ സന്ധ്യയ്‌ക്ക് ഏഴ് മണിക്ക് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ആരംഭിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിമാർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രൗഢമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യ തലവൻമാരെ ഉൾപ്പെടെ ആറായിരത്തോളം അതിഥികൾ പങ്കെടുത്തു. നരേന്ദ്രമോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമതായാണ് അമിത്ഷാ സത്യപ്രതിജ്ഞ ചെയ്തത്. രാജ്നാഥ് സിംഗ് ആഭ്യന്തരം നിലനിർത്തുമെന്നും അമിത്ഷാ കേന്ദ്ര ധനമന്ത്രി ആകുമെന്നുമാണ് സൂചനകൾ.
മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരൻ. ഒന്നാംമോദി സർക്കാരിലെ ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് വീണ്ടും അവസരം ലഭിച്ചില്ല.

മുൻ വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കറാണ് അപ്രതീക്ഷിതമായി മന്ത്രിസഭയിലേക്ക് കടന്നുവന്നത്. ഒന്നാം മോദിസർക്കാരിലെ ജെ.പി നദ്ദ ബി.ജെ.പി അദ്ധ്യക്ഷനായേക്കും. മന്ത്രിസഭയിൽ നിന്ന് ഒവിവാക്കിയ മേനകഗാന്ധി പ്രൊട്ടെം സ്പീക്കറാകും.

ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്, ഗുലാം നബി ആസാദ്, എച്ച്.ഡി ദേവഗൗഡ, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ പങ്കെടുത്തു. ബംഗ്ലാദേശ് പ്രസിഡൻറ് അബ്ദുൽ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, കിർഗിസ്ഥാൻ പ്രസിഡൻറ് സൂറൺബേ ജീൻബെകോവ്, മ്യാൻമർ പ്രസിഡൻറ് യു വിൻ മിന്ത്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്, നേപ്പാൾ പ്രധാനമന്ത്രി കെ..പി ശർമ്മ ഓലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, തായ്‌ലൻഡ് പ്രത്യേക പ്രതിനിധി ഗ്രിസാഡ ബുണാർച്ച് എന്നിവരും ചടങ്ങിനെത്തി.

ഇന്നലെ മൂന്നു മണിക്ക് ശേഷം ഡൽഹിയിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്കും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് എത്താനായില്ല.

ചുമതലയേറ്റ പ്രമുഖർ

നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, സ്‌മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൗഡ, നരേന്ദ്രസിംഗ് തോമാർ, രവിശങ്കർ പ്രസാദ്, തവാർ ചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാൽ, അർജുൻ മുണ്ട,ഡോ ഹർഷ് വർദ്ധധൻ, പീയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്‌വി, പ്രഹ്ലാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ

ഘടകകക്ഷി മന്ത്രിമാർ

എൽ.ജെ.പി നേതാവ് രാംവിലാസ് പാസ്വാൻ, റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യയുടെ രാംദാസ് അത്താവ്‌ലെ, ശിരോമണി അകാലിദളിലെ ഹർസിമ്രത് കൗർ ബാദൽ എന്നിവർ മന്ത്രിസഭയിൽ തുടർന്നപ്പോൾ ശിവസേനയുടെ ഡോ. അരവിന്ദ് ഗണപത് സാവന്ത് പുതുമുഖമായി.

ജെ.ഡി.യു പിണങ്ങി

ബീഹാറിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് മന്ത്രിമാരില്ല. ഒരു കാബിനറ്റ് മന്ത്രിയും ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിയും ഒരു സഹമന്ത്രിയും വേണമെന്നായിരുന്നു ജെ.ഡി.യുവിന്റെ ആവശ്യം. അത് നൽകാൻ ബി.ജെ.പി വിസമ്മതിച്ചതോടെ അവർ മന്ത്രിസഭയിൽ ചേർന്നില്ല. എന്നാൽ സഖ്യകക്ഷിയായി തുടരുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.