namo

ന്യൂഡൽഹി:കേന്ദ്രത്തിലെ ഏറ്റവും കരുത്തുറ്റ നാല് വകുപ്പുകൾ മികവ് തെളിയിച്ച വിശ്വസ്തർക്ക് നൽകി പ്രധാനമന്ത്രി മോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയാക്കി. ആഭ്യന്തരം അമിത്ഷായ്‌ക്കും പ്രതിരോധം രാജ്നാഥ് സിംഗിനും ധനകാര്യം നിർമ്മല സീതാരാമനും വിദേശകാര്യം ജയശങ്കറിനുമാണ് നൽകിയത്. പ്രധാനമന്ത്രിയുടെ ടീം ഫോർ ഇവരായിരിക്കും.

കേരളത്തിൽ നിന്നുള്ള ഏക മന്ത്രിയായ വി.മുരളീധരന് സുപ്രധാനമായ വിദേശം, പാർലമെന്ററികാര്യം എന്നിവയുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പേഴ്‌സണൽ, പൊതുഭരണം, ആണവോർജം, ബഹിരാകാശം എന്നിവയും മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത വകുപ്പുകളും നിലനിറുത്തി.

നിർമ്മല സീതാരാമൻ വഹിച്ചിരുന്ന പ്രതിരോധമാണ് ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിംഗിനെ ഏൽപ്പിച്ചത്. രാഷ്ട്രപതിയുടെ ഉത്തരവിലെ മന്ത്രിമാരുടെ ക്രമപ്രകാരം രണ്ടാമൻ രാജ്നാഥാണ്. ധനവകുപ്പ് വഹിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയാണ് അമിത്ഷാ ആഭ്യന്തര മന്ത്രിയായത്. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ.

അരുൺ ജയ്റ്റ്‌ലിയുടെ ധനവകുപ്പ് നിർമ്മല സീതാരാമന് ലഭിച്ചത് അപ്രതീക്ഷിതമായാണ്. മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് തയ്യാറാക്കുകയാണ് നിർമ്മലയുടെ ആദ്യ വെല്ലുവിളി.

പ്രതീക്ഷിച്ചതുപോലെ മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിന് വിദേശകാര്യ വകുപ്പ് തന്നെ ലഭിച്ചു.

നിതിൻഗഡ്കരിക്ക് ഗതാഗതവകുപ്പിന് പുറമേ ചെറുകിട വ്യവസായവും ലഭിച്ചു. രാഹുൽഗാന്ധിയെ അമേതിയിൽ അട്ടിമറിച്ച സ്‌മൃതി ഇറാനിക്ക് നിലവിലെ ടെക്സ്റ്റൈൽസ് കൂടാതെ മേനകാഗാന്ധി വഹിച്ച വനിതാശിശുക്ഷേമ വകുപ്പ് അധികമായി നൽകി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് പകരം സദാനന്ദഗൗഡയ്ക്ക് രാസവള വകുപ്പാണ് നൽകിയത്.


ഗ്രാമവികസന മന്ത്രിയായിരുന്ന നരേന്ദ്രസിംഗ് തോമറിന് ഒന്നാം മോദി സർക്കാർ ഏറെ പഴികേട്ട കൃഷി വകുപ്പ് കൂടി നൽകി. 2022ൽ കർഷകർക്ക് ഇരട്ടി വരുമാനം ഉറപ്പാക്കുമെന്ന മോദിയുടെ വാഗ്ദാനം നടപ്പാക്കാനുള്ള നിർണായക ഉത്തരവാദിത്വമാണ് തോമറിന്. തോമർ നേരത്തേ വഹിച്ച പാർലമെന്ററികാര്യം പ്രഹ്ലാദ് ജോഷിക്കാണ്. രവിശങ്കർ പ്രസാദ് നിയമമന്ത്രിയായും മുഖ്താർ അബ്ബാസ് നഖ്‌വി ന്യൂനപക്ഷവകുപ്പിലും തുടരും. രമേശ് പൊഖ്റിയാൽ ആണ് പുതിയ മാനവ വിഭവശേഷി മന്ത്രി. ഇതിന് പുറമേ കമ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പിന്റെയും ചുമതല വഹിക്കും. മാനവശേഷി വികസനം നഷ്ടമായ പ്രകാശ് ജാവദേക്കറിന് ഇത്തവണ വനംപരിസ്ഥിതി വകുപ്പും വാർത്താവിതരണവും കൂടി ലഭിച്ചു. മന്ത്രിമാരെല്ലാം ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആദ്യമന്ത്രി സഭായോഗവും ചേർന്നു.

ജൽശക്തി, ഫിഷറീസ്: പുതിയ മന്ത്രാലയങ്ങൾ

ജലവിഭവത്തിന് മാത്രമായി ജൽശക്തി മന്ത്രാലയവും, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫീഷറീസ് എന്നിവയ്ക്കായി പ്രത്യേക മന്ത്രാലയവും രൂപീകരിച്ചു.

ജലവിഭവം, കുടിവെള്ളം, ശുചീകരണം വകുപ്പുകൾ യോജിപ്പിച്ചാണ് ജൽശക്തി. കൃഷി സഹമന്ത്രിയായിരുന്ന ഗജേന്ദ്ര ഷെഖാവത്തിനാണ് ഈ വകുപ്പ്.

കൃഷിവകുപ്പിന് കീഴിലായിരുന്ന മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് എന്നിവ ചേർത്താണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്. ഇതിൽ ഫിഷറീസ് പ്രത്യേക വകുപ്പാക്കിയിട്ടുണ്ട്. ചെറുകിട വ്യവസായ സഹമന്ത്രിയായിരുന്ന ഗിരിരാജ് സിംഗിനാണ് ഈ വകുപ്പ്.