ന്യൂഡൽഹി: രണ്ട് സുപ്രധാന ചുമതലകളാണ് കേന്ദ്രസഹമന്ത്രി വി. മുരളീധരനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏൽപ്പിച്ചിരിക്കുന്നത് - വിദേശവും പാർലമെൻററി കാര്യവും.
മുൻ കരസേനാ മേധാവി ജനറൽ വി.കെ സിംഗും മീ ടു ആരോപണത്തിൽ പിന്നീട് രാജിവച്ച എം.ജെ അക്ബറുമാണ് ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യം നോക്കിയത്. വി.കെ സിംഗിനെ ഗതാഗതവകുപ്പിലേക്ക് മാറ്റിയാണ് മുരളീധരനെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സഹമന്ത്രിയാക്കിയത്. മലയാളികളേറെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും മുരളീധരന് പ്രധാനമായും നോക്കേണ്ടി വരിക. വിദേശകാര്യ സഹമന്ത്രിയായിരുന്ന അന്തരിച്ച ഇ.അഹമ്മദ് തിളങ്ങിയത് ഈ മേഖലയിലെ നിരന്തര ഇടപെടലുകളിലൂടെയായിരുന്നു.
പാർലമെൻററി വകുപ്പിൽ പ്രഹ്ലാദ് ജോഷിയുടെ രണ്ട് സഹമന്ത്രിമാരിൽ ഒരാളാണ് മുരളീധരൻ. അർജുൻ മേഘ്‌വാളാണ് മറ്റൊരാൾ.
മുരളീധരൻ അംഗമായ രാജ്യസഭയിൽ സർക്കാരിനെ പ്രതിരോധിക്കുകയും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഏകോപിപ്പിക്കുകയുമായിരിക്കും ചുമതല. രാജ്യസഭയിൽ എൻ.ഡി.എയ്‌ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇത് വലിയ വെല്ലുവിളിയാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ കഴിഞ്ഞ തവണ പല ബില്ലുകളും പാസാക്കാൻ മോദിക്ക് കഴിഞ്ഞിരുന്നില്ല.
ഇന്നലെ വൈകിട്ട് സൗത്ത് ബ്ലോക്കിലെ വിദേശമന്ത്രാലയത്തിലെ ഓഫീസിലെത്തി വി.മുരളീധരൻ ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, വിദേശകാര്യ വക്താവ് രവീഷ് കുമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
പ്രവാസി വിഷയങ്ങൾക്ക് മുൻതൂക്കം: മുരളീധരൻ
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. ഉത്സവകാല വിമാന നിരക്ക് വർദ്ധന കുറയ്‌ക്കാൻ ശ്രമിക്കും. സംസ്ഥാനവുമായുള്ള ഏറ്റുമുട്ടൽ നയം കേന്ദ്രം സ്വീകരിക്കില്ല.
ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആശങ്ക പരിഹരിക്കാൻ ശ്രമിക്കും. പ്രധാനമന്ത്രിയുമായും ദേശീയ അദ്ധ്യക്ഷനുമായും നിയമമന്ത്രിയുമായും ചർച്ചചെയ്ത് വിശ്വാസം സംരക്ഷിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുൻകൈയെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.