ന്യൂഡൽഹി : ജോലിക്കിടെ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ പരിധിയിൽ നക്സൽ - ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ മക്കളെയും ഉൾപ്പെടുത്തിയ ഭേദഗതിയാണ് രണ്ടാം മോദിസർക്കാരിന്റെ ആദ്യ തീരുമാനം. ദേശീയ പ്രതിരോധ ഫണ്ടിന്റെ ഭാഗമായ പ്രധാനമന്ത്രി സ്കോളർഷിപ്പ് സ്കീമിലാണ് ഭേദഗതി. ആൺകുട്ടികൾക്ക് പ്രതിമാസം 2000 രൂപ എന്നത് 2500 രൂപയാക്കി. പെൺകുട്ടികൾക്ക് 2250ൽ നിന്ന് 3000 ആയും ഉയർത്തി. പൊലീസിനുള്ള സ്കോളർഷിപ്പ് ക്വോട്ട വർഷം 500 പേർക്ക് ആയിരിക്കും.

 കിസാൻ സമ്മാൻ നിധി വിപുലമാക്കി

കർഷകർക്കും ചെറുകിട വ്യാപാരികൾക്കുമായി പുതിയ പെൻഷൻ പദ്ധതികൾ നടപ്പാക്കും. വർഷം ആറായിരം രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ ഭൂപരിധി നോക്കാതെ അർഹരായ എല്ലാ കർഷകർക്കും ലഭ്യമാക്കും. പതിനഞ്ച് കോടിയോളം കർഷക കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യും. 2000 രൂപ വീതം മൂന്ന് തവണകളായി അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കും. ബി.ജെ.പി തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പാക്കിയത്.

മറ്റ് തീരുമാനങ്ങൾ

ചെറുകിട ഇടത്തരം കർഷകർക്കായി പുതിയ പങ്കാളിത്ത പെൻഷൻ. കർഷകൻ അടയ്ക്കുന്ന അത്രയും തുക കേന്ദ്രവും നൽകും.18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് അർഹർ. 10,774.50 കോടി ഇതിനായി മാറ്റിവയ്ക്കും. 60 വയസായാൽ 3000 രൂപ മാസം പെൻഷൻ. ഗുണഭോക്താവ് മരിച്ചാൽ ഭാര്യക്ക് പകുതി പെൻഷൻ ലഭിക്കും. തുക അടയ്ക്കുന്നതിനിടെ കർഷകൻ മരിച്ചാൽ ഭാര്യയ്ക്ക് പദ്ധതി തുടരാം. ആദ്യ മൂന്നുവർഷം അഞ്ചുകോടി കർഷകർക്ക് നേട്ടമാകും.

 ചെറുകിട ഇടത്തരം വ്യാപാരികൾക്ക് 60 വയസ് കഴി‌ഞ്ഞാൽ മാസം 3000 രൂപ പെൻഷൻ. 18 - 40 നും ഇടയിലുള്ള ജി.എസ്.ടി ടേൺ ഓവർ 1.5 കോടിയിൽ കുറവുള്ളവരാണ് അർഹർ. മൂന്നുകോടി പേർക്ക് നേട്ടമാകും. ആധാറും ബാങ്ക് അക്കൗണ്ടും മാത്രം മതി. ഗുണഭോക്താവ് അടയ്ക്കുന്നതിന് തുല്യമായ തുക കേന്ദ്രസർക്കാരും നൽകും.

 50 കോടി മൃഗങ്ങൾക്ക് വാക്‌സിനേഷന്‍ 13,343 കോടി രൂപ.

ലോക്‌സഭ 17ന്, ജൂലായ് 5ന് കേന്ദ്രബഡ്ജറ്റ്


17--ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലൈ 26 വരെ നടക്കും. രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ജൂലായ് 5ന്. ആദ്യ രണ്ട് ദിവസങ്ങളിലായി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് സ്പീക്കർ തിരഞ്ഞെടുപ്പ്. മേനക ഗാന്ധി പ്രൊട്ടെം സ്പീക്കറുടെ ചുമതല വഹിക്കും. 20ന് രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്യും. നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.