malabar-gold

കൊച്ചി: ജാതി, മത ഭേദമന്യേ നിർധന കുടുംബങ്ങളിൽപ്പെട്ട നിരവധി യുവതികളുടെ വിവാഹം സാമ്പത്തിക പരാധീനതകൾ മൂലം നടക്കാത്ത സ്ഥിതി കണക്കിലെടുത്ത് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് വിവാഹാഭരണങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് രൂപം നൽകി. മലബാർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മലബാർ ചാരിറ്റബൾ ട്രസ്റ്റാണ് 'ബ്രൈഡ്‌സ് ഒഫ് ഇന്ത്യ ഗോൾഡൻ ഹാർട്ട്' എന്ന് പേരിട്ട ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം വിവാഹം വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന യുവതികളുടെ വിവാഹത്തിന് സഹായ ഹസ്തം എന്ന രീതിയിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയോടെ മികച്ച സാമൂഹ്യ സേവന പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. താൽപര്യമുള്ള ആർക്കും ഈ ഉദ്യമത്തിൽ പങ്കു ചേരാം. പണവും സ്വർണവുമെല്ലാം സംഭാവനയായി നൽകാം.

സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി ഇത്തരം നിരവധി പ്രവർത്തനങ്ങൾ മലബാർ ഗ്രൂപ്പ് ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഗ്രൂപ്പിന്റെ ലാഭത്തിന്റെ അഞ്ച് ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ഭവന നിർമ്മാണം എന്നീ മേഖലകളിലായി രാജ്യത്തിനകത്തും പുറത്തുമായി 120 കോടിയിലേറെ രൂപ ചെലവഴിച്ചുകഴിഞ്ഞു.

മലബാർ ചാരിറ്റബൾ ട്രസ്റ്റിന്റെ വെബ്‌സൈറ്റായ www.malabarcharitabletrust.org ൽ നിർധന യുവതികൾക്ക് നേരിട്ടോ കുടംബാംഗങ്ങൾക്കോ അവരുടെ സമ്മതത്തോടെ അഭ്യുദയകാംക്ഷികൾക്കോ പേരുകൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനോ സംഭാവനകൾ നൽകുന്നതിനോ ഏറ്റവും അടുത്തുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമുമായി ബന്ധപ്പെടുകയുമാകാം.

പദ്ധതിക്ക് വേണ്ടി 101 കിലോ സ്വർണം നീക്കി വെച്ചിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് 1 മുതൽ 3 പവൻ വരെ തൂക്കമുള്ള വിവാഹാഭരണം സൗജന്യമായി നൽകും. പദ്ധതിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് ഇൻകം ടാക്‌സ് ആക്ട് (80ജി) പ്രകാരം നികുതിയിളവുകൾ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ മേയ് 3 ന് വൈകീട്ട് 3.30 ന് മിസ് വേൾഡ് (2017) മാനുഷി ഛില്ലാർ നടത്തും.