കൊച്ചി: കള്ളവോട്ട് വിവാദം കത്തിപ്പടരുകയാണെങ്കിലും ഇതിന്റെ പേരിൽ റീപോളിംഗ് നടത്താൻ കടമ്പകളേറെയുണ്ട്. ജനപ്രാതിനിദ്ധ്യ നിയമത്തിലെ 57,58 വകുപ്പുകളിലാണ് റീപോളിംഗിനെക്കുറിച്ചു പറയുന്നത്. ഇൗ വകുപ്പുകളനുസരിച്ച് ബൂത്ത് പിടിത്തം, കലാപം, അക്രമം, വോട്ടിംഗ് മെഷീൻ നശിപ്പിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലും പ്രകൃതി ദുരന്ത സാഹചര്യങ്ങളിലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഈ ബൂത്തുകളിൽ റീപോളിംഗ് നടത്താൻ ഉത്തരവിടാനാവുക.
തിരഞ്ഞെടുപ്പു ഫലത്തെത്തന്നെ ബാധിക്കുന്ന തരത്തിൽ വൻതോതിൽ കള്ളവോട്ടു നടന്നെന്ന് ബോദ്ധ്യപ്പെട്ടാൽ ഭരണഘടനയുടെ 324 ആം വകുപ്പ് നൽകുന്ന അസാധാരണ അധികാരം വിനിയോഗിച്ചും കമ്മിഷന് റീപോളിംഗിന് ഉത്തരവിടാൻ കഴിയും. പക്ഷേ, ചെറിയ തോതിലുള്ള കള്ളവോട്ടുകളുടെ പേരിൽ റീപോളിംഗ് നിർദേശിക്കാൻ കമ്മിഷനു കഴിയില്ല.
ഹൈക്കോടതിക്ക് നിർദേശിക്കാം
തിരഞ്ഞെടുപ്പിൽ കള്ളവോട്ടു ചെയ്‌തെന്നാരോപിച്ചുള്ള ഹർജിയിൽ തെളിവെടുപ്പ് നടത്തി സാഹചര്യം ബോദ്ധ്യപ്പെട്ടാൽ ഹൈക്കോടതിക്ക് റീപോളിംഗിന് ഉത്തരവിടാനാകും. കള്ളവോട്ടുകളുടെ എണ്ണം, തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ ഭൂരിപക്ഷത്തെ എങ്ങനെ ബാധിക്കുമെന്നു കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ഇത്തരം ഹർജികളിൽ തെളിവെടുപ്പു നടത്തിയാണ് ഹൈക്കോടതി തീർപ്പു കല്‌പിക്കുന്നത്.
നേരിട്ട് നടപടി പറ്റില്ല
തദ്ദേശ സ്ഥാപനത്തിലെ ഒരംഗം കള്ളവോട്ടു ചെയ്തെന്നു കണ്ടെത്തിയാൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് നേരിട്ട് അയോഗ്യത കല്‌പിക്കാൻ കഴിയില്ല. ഇത്തരം ക്രിമിനൽ കേസുകളിൽ മജിസ്ട്രേട്ട് കോടതി മൂന്നു മാസത്തിൽ കുറയാതെ ശിക്ഷ വിധിച്ചാൽ മാത്രമേ അയോഗ്യത കല്‌പിക്കാനാകൂ. പഞ്ചായത്ത് അംഗമായ എൻ.പി സെലീന കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്തിൽ കള്ളവോട്ടു ചെയ്‌തെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇവരെ അയോഗ്യയാക്കാൻ കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി ശിക്ഷിക്കണം.