കൊച്ചി : രക്ഷിതാക്കളുടെ ഇഷ്ടപ്രകാരം പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടാൻ കുട്ടികൾ ഭ്രാന്തുപിടിച്ചോടുന്ന പ്രവണത കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ലെന്നും സമ്പൂർണ സാക്ഷരതയെന്ന് മേനി നടിക്കുന്ന കേരളത്തിൽ കലാ, കായികമേഖലകളിൽ അഭിരുചിയുള്ള കുട്ടികൾ രക്ഷിതാക്കളുടെ പൊങ്ങച്ചത്തിനു വഴങ്ങി പ്രൊഫഷണൽ കോളേജുകളിലേക്ക് പോകുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

എൻജിനിയറിംഗ് എൻട്രൻസിലെ നെഗറ്റീവ് മാർക്ക് സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിൻ പയസ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പ്രവേശന പരീക്ഷയിലെ ഒാരോ വിഷയത്തിനും വേണ്ട മിനിമംയോഗ്യത പത്ത് മാർക്കാണ്. ഇത്രയും കുറഞ്ഞ യോഗ്യതാ മാർക്ക് നിശ്ചയിച്ചതിൽ അത്ഭുതമുണ്ടെന്നും പ്രൊഫഷണൽ കോഴ്സിനു ചേർന്നിട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടാനൊരു കാരണമിതാണെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. നാലുമാർക്കു വീതമുള്ള 120 ചോദ്യങ്ങളാണ് ഒാരോ വിഷയത്തിലുമുള്ളത്. ഒാരോ തെറ്റായ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്ക് വീതമുണ്ട്. 120 ചോദ്യങ്ങളിൽ 80 എണ്ണത്തിന് ഉത്തരമെഴുതിയ വിദ്യാർത്ഥിയുടെ 62 ഉത്തരങ്ങൾ തെറ്റായാലും മിനിമം യോഗ്യതാമാർക്ക് നേടാനാവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 ചോദ്യങ്ങൾക്ക് ശരിയുത്തരമെഴുതുന്നതു വഴി 72 മാർക്ക് ലഭിക്കും. ഇതിൽ 62 നെഗറ്റീവ് മാർക്ക് കുറച്ചാൽ പത്ത് മാർക്ക് ബാക്കിയുണ്ടാകും. മിനിമം യോഗ്യതയായ പത്ത് മാർക്കുമായി പ്രവേശനം നേടുന്ന കുട്ടികൾ സിലബസിനനുസരിച്ച് പഠിക്കാനാവാതെ വരുന്നതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിക്കുന്നത്.

പ്രവേശന പരീക്ഷ സീറ്റു നിറയ്ക്കാനുള്ളതല്ല. പഠിക്കാൻ കഴിവുള്ളവരാണ് പ്രവേശനം നേടുന്നതെന്നും ഇവർ മികച്ച പ്രൊഫഷണലുകളാവുമെന്ന് ഉറപ്പാക്കാനും കഴിയണം. ഓരോ വിഷയത്തിനും മിനിമം വേണ്ട പത്തുമാർക്കു പോലും നേടാനാവാത്ത വിദ്യാർത്ഥികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് മറ്റു വഴി തേടുകയാണ് വേണ്ടത്. വർഷങ്ങളായി മത്സരപ്പരീക്ഷകൾ നടത്തിയുള്ള പരിചയവും വിദഗ്ദ്ധ ഉപദേശവും കണക്കിലെടുത്താണ് എൻട്രൻസ് കമ്മിഷണർ നെഗറ്റീവ് മാർക്ക് ഏർപ്പെടുത്തിയത്. ഇതിൽ കോടതി ഇടപെടുന്നില്ല. നിലവിലെ സാമൂഹ്യ സാമ്പത്തിക സ്ഥിതികൾ കണക്കിലെടുത്ത് നിശ്ചയിച്ച കുറഞ്ഞ യോഗ്യതാമാർക്കിലും ഇടപെടുന്നില്ല. കോടതിയുടെ നിരീക്ഷണങ്ങളെ വരാൻ പോകുന്ന അശുഭ സാഹചര്യങ്ങളുടെ സൂചനയായി കണ്ടാൽ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

 എൻ.ആർ.ഐ ക്വോട്ട വിവേചനമല്ല

എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് യോഗ്യതാ മാർക്കില്ലെങ്കിലും പ്രവേശനം ലഭിക്കുമെന്നും ഇതു വിവേചനമാണെന്നും ഹർജിക്കാരൻ വാദിച്ചെങ്കിലും ഇതംഗീകരിച്ചില്ല. പകുതി സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമ്പോൾ കോളേജിന്റെ നടത്തിപ്പു ചെലവിനായി ഉയർന്ന ഫീസ് ഇൗടാക്കിയാണ് മാനേജ്മെന്റ് ക്വോട്ടയിൽ എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. ഇതു വിവേചനമായി കാണേണ്ട. എന്നാൽ മെരിറ്റ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഉയർന്ന ഫീസിന്റെയടിസ്ഥാനത്തിൽ മാത്രം പ്രവേശനം നടത്തിയാൽ വിദ്യാഭ്യാസം കച്ചവടമായി മാറുമെന്നും തൊഴിലില്ലാത്ത എൻജിനിയർമാരെയും ഡോക്ടർമാരെയും അതു സൃഷ്ടിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.