ഷാർജ : പ്രമുഖ റീടെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ ഷാർജയിലെ ഒൻപതാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് അൽ നാഹദയിലെ അൽറയ്യാൻ മാളിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലെം അൽ ഖാസിമി , ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അൽ നാഹദയിലെ അൽ റയ്യാൻ ടവറിലെ അൽ റയ്യാൻ മാളിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ്. ലുലു ഫാഷൻ ബ്രാൻഡായ റിയോയുടെ വൈവിധ്യമാർന്ന ഫാഷൻ വസ്ത്രങ്ങളുടെ വിശാലമായ ശേഖരം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ പ്രത്യേകതകളിലൊന്നാണ് .
ഈ വർഷം യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ 12 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രുപ്പ് ചെയർമാൻ എം.എ യൂസഫ് അലി പറഞ്ഞു. ഷാർജയിലെ സജ, റഹ്മാനിയ, ബുതീന, ദുബായിലെ റാഷിദിയ, ഹംരിയ എന്നിവയും ഉൾപ്പെടും. ഇത് കൂടാതെ സൗദി അറേബ്യ , മലേഷ്യ എന്നിവിടങ്ങളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി കൂടുതൽ മലയാളികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നാട്ടികയിൽ വെച്ച് ഏകദേശം 3,200 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്
ലുലു ഗ്രൂപ്പ് സി ഇ.ഒ സൈഫി രൂപവാല , എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ അഷ്‌റഫ് അലി, സി.ഒ.ഒ സലിം വി.ഐ, ലുലു ഡയറക്ടർ എം.എ സലിം എന്നിവരും സംബന്ധിച്ചു.