കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ സംസ്ഥാനമൊട്ടാകെ വ്യാപക ക്രമക്കേട് നടന്നെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ജില്ലാ, താലൂക്ക് തലങ്ങളിൽ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ഇടത് സർവീസ് സംഘടനാ ഭാരവാഹികളെ നിയമിച്ചാണ് ക്രമക്കേടുകൾ നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ ഓരോ ബൂത്തിലും അഞ്ചുമുതൽ മുപ്പതുവരെ വോട്ടുകൾ യു.ഡി.എഫിന് നഷ്ടമായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടുന്നത്. പലയിടങ്ങളിലും ബൂത്ത് ഓഫീസറുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് നടന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മന്ത്രിമാരടക്കമുള്ള ഇടത് നേതാക്കൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സംസ്ഥാന, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരാതി നൽകും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും.