തൃക്കാക്കര : . വൈദ്യുതി സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനം കൂടുതൽ ബോധവാന്മരാകുന്നുണ്ടെന്ന് കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. വൈദ്യുത സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
. വൈദ്യുത വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപണികൾ ചെയ്യുന്നതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഉപയോഗശേഷം വൈദ്യുത ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയും സോക്കറ്റിൽ നിന്നും പ്ലഗ്ഗ് ഊരി മാറ്റുകയും ചെയ്യുക, നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, വൈദ്യുത ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളും ഇരുമ്പ് തോട്ടികളും ഉപയോഗിക്കാതിരിക്കുക എർത്തിംഗ് സംവിധാനം ശരിയായി പരിപാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അവഗണിക്കരുത്.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എനർജി മാനേജ്‌മെന്റ് സെൻറർ, അനെർട്ട്, ഫാക്ടറീസ് ബോയിലേഴ്‌സ് വകുപ്പ്, ഫയർ ആന്റ് റെസ്‌ക്യൂ സർവ്വീസസ് എന്നിവയുടെ സഹകരണത്തോടെ ജില്ലയിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ചടങ്ങിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ടോജോ ജേക്കബ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.