ycon
പ്രളയബാധിതർക്ക് പൂർണമായി നഷ്ടപരിഹാരം നൽകാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആലുവ താലൂക്ക് ഓഫീസ് ഉപരോധം യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പ്രളയബാധിതർക്ക് പൂർണമായി നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലുവ താലൂക്ക് ഓഫീസ് ഉപരോധിച്ചു. പ്രളയം ഉണ്ടായി ഒൻപത് മാസം പിന്നിട്ടിട്ടും പതിനായിരക്കണക്കിന് പേർക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളതെന്ന് സമരക്കാർ ആരോപിച്ചു.

ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ നഷ്ടം വിലയിരുത്താത്തതിനാൽ പലർക്കും അർഹമായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. 60 ശതമാനത്തിലധികം കേടുപാടുകൾ സംഭവിച്ച ആയിരക്കണക്കിന് പേർക്ക് നിസാരമായ നഷ്ടപരിഹാരമാണ് ലഭിച്ചത്. അതും കിട്ടാത്തവരുണ്ട്. ജില്ലയിൽ 27000 പേർക്ക് ഇനിയും നഷ്ടപരിഹാരം കിട്ടാനുണ്ട്. കൃത്യമായ വിവരം കിട്ടാത്തതിനാൽ ആയിരക്കണക്കിന് പേർക്ക് അപ്പീൽ കൊടുക്കാനും കഴിയുന്നില്ല. ജനപ്രതിനിധികളും മറ്റും പലതവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ല. ആദ്യഗഡുവായ 10,000 രൂപ പോലും കിട്ടാത്തവരുമുണ്ട്. വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി മടുത്ത പലരും സഹായം ഉപേക്ഷിച്ചു. വില്ലേജ് ഓഫീസിൽ ചെല്ലുമ്പോൾ താലൂക്ക് ഓഫീസിൽ പറയാനും അവിടെയെത്തുമ്പോൾ കളക്‌ട്രേറ്റിൽ പറയാനുമാണ് മറുപടി.

പ്രകടനമായി വന്ന യൂത്ത് കോൺഗ്രസുകാരെ മിനി സിവിൽ സ്റ്റേഷനുമുന്നിൽ പോലീസ് തടഞ്ഞു. ഉപരോധം യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക് സഭാ മണ്ഡലം പ്രസിഡന്റ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു.