കിഴക്കമ്പലം: കൗതുകത്തിന് കഞ്ചാവ് വളർത്തിയ അന്യ സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. കിഴക്കമ്പലം ടൗണിൽ വാടകയ്ക്ക് താമസിക്കുന്നവീടിന്റെ പുരയിടത്തിലാണ് കഞ്ചാവ് ചെടിവളർത്തിയിരുന്നത്. കമ്മീഷണർ ഋഷി രാജ് സിങ്ങിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബീഹാർ സ്വദേശികളായ ബലായി താക്കൂർ (41), രാജീവ് താക്കൂർ (31)എന്നിവരാണ് പിടിയിലായത്. കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി നോക്കുന്നത്. അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള കഞ്ചാവ് ചെടിയാണ് എക്‌സൈസ് പിടിച്ചെടുത്തത്. പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു.നാട്ടിൽ പോയപ്പോൾ വില്പനക്കും ഉപയോഗത്തിനും കൊണ്ട് വന്ന കഞ്ചാവിന്റെ വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് വളർത്തിയതാണെന്നാണ് ഇവർ എക്‌സൈസിന് മൊഴി നൽകിയത്.ഇരുവരെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.എക്‌സൈസ് ഇൻസ്‌പെകടർ ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ രാം പ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺകുമാർ, സിദ്ധാർത്ഥൻ ,റൂബൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.