കൊച്ചി :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിൽ പിന്നാക്ക സമുദായാംഗങ്ങളെ വെട്ടിനിരത്തിയതിന് പിന്നാലെ പ്രോ വൈസ് ചാൻസലർ പദവിയും നിഷേധിക്കാൻ നീക്കം നടക്കുന്നു. അർഹരായ പിന്നാക്കക്കാരെ തഴഞ്ഞ് മുന്നാക്ക സമുദായാംഗത്തെ നിയമിക്കാനാണ് നീക്കം.
ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോഗം പ്രോ-വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കും. മുന്നാക്ക സമുദായാംഗമായ അദ്ധ്യാപകനെ ശുപാർശ ചെയ്യാനാണ് നീക്കമെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ 'കേരളകൗമുദി'യോട് വെളിപ്പെടുത്തി. പരിഗണിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമാക്കിവച്ചാണ് സിൻഡിക്കേറ്റ് യോഗം ചേരുന്നത്. പേര് അംഗീകരിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് സമർപ്പിക്കണം. ചാൻസലറാണ് നിയമനം നടത്തുക. സിൻഡിക്കേറ്റിന്റെ ശുപാർശ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം.
വൈസ് ചാൻസലർ പദവിയിൽ മുന്നാക്ക സമുദായാംഗത്തെ നിയമിക്കാൻ നടത്തിയ കള്ളക്കളി ഏപ്രിൽ 12 ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അർഹരായ ഒന്നിലേറെ പിന്നാക്കക്കാരെയാണ് ഒഴിവാക്കിയത്. പത്തുവർഷത്തെ അദ്ധ്യാപന പരിചയമെന്ന യു.ജി.സി വ്യവസ്ഥ മറികടന്ന് ശാസ്ത്ര സാങ്കേതിക വിഷയത്തിലെ അദ്ധ്യാപകനെ നിയമിക്കണമെന്ന വ്യവസ്ഥയുണ്ടാക്കിയാണ് സെലക്‌ഷൻ കമ്മിറ്റി പിന്നാക്കക്കാരെ ഒഴിവാക്കിയത്.
അതുപോലെ അദ്ധ്യാപനത്തിൽ ഉൾപ്പെടെ പരിചയസമ്പന്നരായ നിരവധി പിന്നാക്കക്കാരെ ഒഴിവാക്കിയാണ് മുന്നാക്കക്കാരനായ ഒരാളെ പ്രോ വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിക്കുന്നത്.