മൂവാറ്റുപുഴ: ഒന്നര വർഷം കൊണ്ട് ഒരു കോടി തൈകൾ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനരികിൽ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം .ജൂൺ മാസത്തോടെചരിത്ര നേട്ടം കൈവരിക്കാനുള്ളകഠിന പ്രയത്‌നത്തിലാണ് ജീവനക്കാർ.
മുളക്, തക്കാളി, വഴുതന, പയർ, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകളാണ് മുളപ്പിച്ച് തൈകളാക്കുന്നത്. ശീതകാല സീസണിൽ ക്യാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, ക്യാപ്‌സിക്ക, സാലഡ് വെളളരി എന്നിവയുടെ തൈകളും ഉൽപാദിപ്പിക്കുന്നു. തൈകൾ എല്ലാം തന്നെ ഗുണമേന്മയുളള ഹൈബ്രിഡ് വിത്തുകൾ മുളപ്പിച്ചാണ് ഒരുക്കുന്നത്. തക്കാളി 15 ദിവസവും വഴുതന, മുളക് തുടങ്ങിയവ 25 ദിവസവും വെണ്ട, അമര, പയർ, പീച്ചിൽ തുടങ്ങിയവ എട്ടു ദിവസവും പ്രായമെത്തുമ്പോഴാണ് വിൽക്കുന്നത് . ഇത്രയും ദിനങ്ങൾ ഓരോ ഇനത്തിന്റെയും കൃഷിക്കാലയളവിൽ നിന്നും കുറഞ്ഞു കിട്ടുന്നുവെന്നത് കർഷകർക്ക് നേട്ടമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലും കൃഷിഭവനുകൾ, സന്നദ്ധ സംഘടനകൾ, വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ എൻ.ജി.ഒകൾ തുടങ്ങി വിവിധ തുറകളിലേക്ക് ഇവിടെ നിന്നും തൈകളെത്തുന്നു. തൈ ഒന്നിന് രണ്ട് രൂപ നിരക്കായതിനാൽ ആവശ്യക്കാരേറെയാണ്. കൃത്യമായ പരിചരണമുണ്ടെങ്കിൽ മികച്ച വിളവ് നൽകുന്നവയാണ് തൈകളെന്നാണ് അനുഭവ സാക്ഷ്യം. പരിചരണമുണ്ടെങ്കിൽ സാദാ മണ്ണിലും ഗ്രോബാഗുകളിലും ഇവ മികച്ച് വിളവ് നൽകും
എല്ലാം ഹൈടെക്
കൃഷി വകുപ്പിന്റെ കീഴിൽ വി.എഫ്.പി.സി.കെ.യുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം കേരളത്തിലെ ഏക ഹൈടെക് തൈ ഉത്പാദന കേന്ദ്രമാണ്. ചകിരിച്ചോറും പെർക്കുലേറ്ററും വെർമിക്കുലേറ്ററും ചേർന്നുളള നടീൽ മിശ്രിതം തയ്യാറാക്കുന്നത് മുതൽ പ്രോട്രേകളിൽ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയ്യാറാവുന്നത് വരെയുളള എല്ലാ ഘട്ടങ്ങളും ഹൈടെക്കാണ്.നാലേക്കർ 90 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കേന്ദ്രം
2017 ഡിസംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.പൂർണമായും1536 സ്‌ക്വയർ മീറ്റർ ഉളള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുളളത്. കൂടാതെ വിത്തുകൾ നടുവാനുളള ഓട്ടോമേറ്റഡ് സ്വീഡിംഗ് മെഷീൻ, വളം നൽകാനുളള ഫെർട്ടിഗേഷൻ യൂണിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിലയം, താപവും ഈർപ്പവും നിശ്ചിത അളവിൽ പോളിഹൗസുകളിൽ നിയന്ത്രിക്കാനുളള സംവിധാനം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.
പ്രളയം എല്ലാം തകർത്തു
പ്രളയം കേന്ദ്രത്തേയും ബാധിച്ചെന്ന് മാനേജർ ബിമൽറോയിയും സഹപ്രവർത്തകരും പറയുന്നു. 2018ലെ കർഷക ദിനത്തിന് വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിനായി വച്ചിരുന്ന 37000 തൈകളാണ് നശിച്ചത്. രണ്ടആറുകൾ കരകവിഞ്ഞതോടെ തൈകൾ കയറ്റിയ വാഹനത്തിന് പുറത്തേക്ക് കടക്കാനായില്ല. നാല് ദിവസം കഴിഞ്ഞ് വെളളമിറങ്ങിയപ്പോഴേക്കും വാഹനത്തിലെ തൈകളെല്ലാം നശിച്ചിരുന്നു.നഷ്ടങ്ങൾ മറന്ന് പ്രളയാനന്തര പുതുകൃഷി വ്യാപനത്തിൽ കേന്ദ്രം സജീവമായി