കൊച്ചി: ആദ്യകാല കമ്മ്യൂണിസ്‌റ്റും മുൻ ധനകാര്യമന്ത്രിയും എം.പിയുമായിരുന്ന വി. വിശ്വനാഥ മേനോൻ നിര്യാതനായി. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന‌് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടരയ്‌ക്കായിരുന്നു അന്ത്യം. കലൂർ ദേശാഭിമാനി റോഡിലുള്ള വസതിയിലും വൈലാേപ്പിള്ളി സ്‌മാരക ഹാളിലും പൊതുദർശനത്തിന് വച്ചപ്പോൾ നൂറുക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ രവിപുരം ശ്‌മശാനത്തിൽ നടത്തി.
ഭാര്യ: കെ. പ്രഭാവതി മേനോൻ (റിട്ട. അദ്ധ്യാപിക). മക്കൾ: അഡ്വ. വി. അജിത‌് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ), ഡോ. വി. മാധവചന്ദ്രൻ. മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസർ, സെന്റ‌് പീറ്റേഴ‌്സ‌് കോളേജ‌്, കോലഞ്ചേരി), പ്രീതി മാധവ‌് (അസി. പ്രൊഫസർ, എം.ഇ.എസ‌് കോളേജ‌്, എടത്തല).
1987ൽ തൃപ്പൂണിത്തുറയിൽ നിന്ന് വിജയിച്ച് ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി. ഏറ്റവും നീണ്ട ബഡ്‌ജറ്റ് പ്രസംഗമെന്ന റെക്കാഡ് (രണ്ടു മണിക്കൂർ 35 മിനിട്ട് ) ഏറെക്കാലം വിശ്വനാഥമേനോന്റെ പേരിലായിരുന്നു. പിന്നീട് രണ്ടു മണിക്കൂറും 36 മിനിട്ടും 25 സെക്കൻഡും നീണ്ട ബഡ്ജറ്റ് പ്രസംഗത്തിലൂടെ കെ.എം. മാണി തിരുത്തി.
എറണാകുളത്ത് നിന്ന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് പാർലമെന്റിലെത്തിയ ഏക കമ്മ്യൂണിസ്‌റ്റ് നേതാവാണ്. കേന്ദ്രമന്ത്രിയായിരുന്ന എം.എം. തോമസിനെ 1967ൽ പരാജയപ്പെടുത്തിയത് 19,000 വോട്ടിനാണ്. 1974ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കാൻ 1991ൽ സി.പി.എം വീണ്ടും കളത്തിലിറക്കിയെങ്കിലും രാജീവ് ഗാന്ധി വധം സഹതാപ തരംഗമായടിച്ചപ്പോൾ മേനോനും അടിതെറ്റി.
പാർട്ടിയോട് പിണങ്ങി 2004ൽ ബി.ജെ.പിയുടെയും സി.പി.എം വിരുദ്ധരുടെയും പിന്തുണയോടെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി. സി.പി.എമ്മിനെ ഞെട്ടിച്ച ആ സംഭവത്തിനു പിന്നാലെ വിശ്വനാഥമേനോന്റെ രാഷ്ട്രീയ വനവാസത്തിനും തുടക്കമായി. അടുത്തകാലത്ത് പാർട്ടിയുമായി സമരസപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു.
അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിഅമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ് ജനിച്ചത്. എറണാകുളം എസ്.ആർ.വി സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബയ് ലാ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിൽ ഉൾപ്പെടെ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ആത്മകഥയായ 'കാലത്തിനൊപ്പം മായാത്ത ഓർമ്മകൾ", ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം), മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.