1960ലാണ് വിശ്വനാഥമേനോൻ എന്റെ സഹോദരി കെ.പ്രഭാവതി മേനോനെ വിവാഹം ചെയ്തത്. അന്ന് ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലമാണ്. അക്കാലത്ത് ഒരു പിന്തിരിപ്പൻ കോൺഗ്രസ് കുടുംബമായിരുന്നു ഞങ്ങളുടേത്. മൂത്ത സഹോദരിയെ പി.ഗോവിന്ദപ്പിള്ളയുടെ സഹോദരൻ വിവാഹം കഴിച്ചതോടെ ഇടതിനോട് ഒരു ചായ്വ് വന്ന് തുടങ്ങിയ കാലത്താണ് വിശ്വൻചേട്ടനും വീട്ടിലെത്തുന്നത്. അതോടെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടും മാറി. പിന്നീട് സ്റ്റുഡന്റ്സ് ഫെഡറേഷനിലൊക്കെ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങി. രാഷ്ട്രീയ ബന്ധത്തിലുപരി ഒരു സൗഹൃദം ഞങ്ങളിൽ ഉടലെടുത്തിരുന്നു. രാഷ്ട്രീയമല്ലാത്ത വിഷയങ്ങളും മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കുമായിരുന്നു
വളരെ സൗമ്യനായിരുന്നു വിശ്വനാഥൻ. പെട്ടെന്ന് ദേഷ്യപ്പെടില്ല. മറ്റുള്ളവരെ കാര്യം പറഞ്ഞു മനസിലാക്കാൻ മിടുക്കനായിരുന്നു. എന്നാൽ പിടിവാശിക്കാരനുമായിരുന്നു. എതിർപ്പ് വന്നാൽ പിടിച്ചാൽ കിട്ടില്ല. പതിനാറാം വയസിൽ അദ്ദേഹം കൊച്ചി മഹാരാജാവിനെ മുഖം കാണിക്കാൻ പോയി. രാജാവിനെ കണ്ടുകഴിഞ്ഞാൽ തിരിഞ്ഞു നടക്കാൻ പാടില്ല, പിറകോട്ട് അടിവച്ച് നടക്കണം എന്നാണ്. എന്നാൽ ഇദ്ദേഹം രാജാവിനെ കണ്ടതിന് ശേഷം തിരിഞ്ഞു നടന്നു. അതിന് രാജാവ് അദ്ദേഹത്തെ ശകാരിച്ചു. ഹിൽപാലസിന് തൊട്ടുമുന്നിൽ അപ്പോൾ തന്നെ യോഗം വിളിച്ചു ചേർത്താണ് അതിന് പകരം വീട്ടിയത്. അതുകഴിഞ്ഞ് മഹാരാജാസ് കോളേജിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊടി ഉയർത്താൻ തീരുമാനം വന്നു. രാജാവിന്റെ കൊടി ഉയർത്തണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ തീരുമാനം. പറ്റില്ല, ദേശീയ പതാക ഉയർത്തണമെന്ന് വിശ്വനാഥൻ ശഠിച്ചു. പക്ഷേ, കോളേജ് പ്രിൻസിപ്പാൾ മുൻകൈ എടുത്ത് രാജാവിന്റെ പതാക ഉയർത്തി. ഇദ്ദേഹം ഒറ്രയ്ക്ക് കൊടിമരത്തിൽ കയറി അത് ഒടിച്ചു കളഞ്ഞ് പകരം ദേശീയ പതാക ഉയർത്തി. ഇതിനെ തുടർന്ന് കോളേജിൽ നിന്ന് പുറത്താക്കി. തുടർന്ന് ബോംബെ യൂണിവേഴ്സിറ്റിയിൽ പോയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അതേ പിടിവാശിയിലാണ് പാർട്ടി സീറ്റ് കിട്ടില്ല എന്നായപ്പോൾ ഒറ്റയ്ക്ക് മത്സരിക്കുക എന്ന തീരുമാനവുമെടുത്തത്. ഞങ്ങളുടെ പിന്തുണ കിട്ടില്ല എന്നറിഞ്ഞിട്ടും ആ തീരുമാനം മാറ്റാൻ അദ്ദേഹം തയാറായില്ല. എന്നിട്ടും സൗഹൃദം അവസാനിപ്പിച്ചിരുന്നില്ല. എന്നെ രാഷ്ട്രീയമായി സ്വാധീനിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല, തിരിച്ചും.
മന്ത്രിയായിരുന്നപ്പോഴും വളരെ ചിട്ടയോടെ ജീവിച്ചിരുന്ന ആളാണ്. പത്തുനൂറ് പേർ ചുറ്റിനും നിൽക്കുന്ന മന്ത്രിയായിരുന്നില്ല അദ്ദേഹം. എന്തെങ്കിലും കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് കൃത്യമായി ചെയ്യും. അത് ഓർമ്മിപ്പിക്കാൻ പോലും ഒരാൾ ചെല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരിക്കലും ഒരാളുടെ കൈയിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കില്ല. അതുകൊണ്ട് അദ്ദേഹം അഴിമതിക്ക് കൂട്ടുനിൽക്കില്ല എന്ന് തൊഴിലാളികൾക്കും അണികൾക്കും പൂർണവിശ്വാസമായിരുന്നു. കുടുംബത്തിലും മികച്ച ധനമന്ത്രി അദ്ദേഹം തന്നെയായിരുന്നു. ഓരോ ദിവസവും ചെലവഴിക്കുന്ന തുക ഒരു പുസ്തകത്തിൽ എഴുതി അദ്ദേഹത്തെ കാണിക്കണമെന്ന് ഭാര്യയെ ചട്ടംകെട്ടിയിരുന്നു. അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്താണ് ട്രഷറി അടയ്ക്കൽ നിറുത്തിയത്. ഏത് മന്ത്രി ബഹളം വച്ചാലും ബഡ്ജറ്റിൽ പറയുന്നതിന് അപ്പുറം പോകണമെങ്കിൽ മുഖ്യമന്ത്രി പറയുകയോ ക്യാബിനറ്റിൽ തീരുമാനം വരികയോ ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.
കഴിഞ്ഞ ഒരുമാസമായി അദ്ദേഹം പൂർണമായി കിടപ്പിലായി. അതിന് മുമ്പ് സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. പണ്ടത്തെ രാഷ്ട്രീയജീവിതവും കുടുംബകാര്യങ്ങളും സംസാരിച്ചിരുന്നു. ഒരുപക്ഷേ, അദ്ദേഹവുമായി അത്ര ദീർഘമായി സംസാരിച്ചിരുന്ന ഒരേയൊരാൾ ഞാനായിരിക്കാം.
(വിശ്വനാഥമേനോന്റെ സഹചാരിയും മുൻ കൊച്ചിൻ മേയറുമാണ് ലേഖകൻ)