കൊച്ചി : കെ.എസ്.ആർ.ടി.സിയിലെ എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി 15 വരെ സമയം അനുവദിച്ചു. ഇവരെ പിരിച്ചുവിടണമെന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ മൂന്നാഴ്ചകൂടി സമയം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഉപഹർജിയിലാണ് നടപടി.

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് ഏപ്രിൽ 30 നകം 2455 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഏപ്രിൽ എട്ടിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എംപാനൽ ഡ്രൈവർമാരുടെ നിയമനം തടയണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് നിരസിച്ചതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട നാലുപേർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇതു നിർദ്ദേശിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയെങ്കിലും അടിയന്തരമായി പരിഗണിച്ചില്ല. തുടർന്നാണ് ഹൈക്കോടതി വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടി കെ.എസ്.ആർ.ടി.സി ഉപഹർജി നൽകിയത്.

റെഗുലർ നിയമനം നടത്തുന്നത് കെ.എസ്.ആർ.ടി.സിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക ജീവനക്കാരെ നിയമിക്കണമെങ്കിൽ കൂടുതൽ സമയം വേണമെന്നും ഉപഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം വിധി നടപ്പാക്കാൻ കൂടുതൽ സമയം നൽകാനുള്ള ഉപഹർജിയെ പി.എസ്.സി നിയമനം കാത്തിരിക്കുന്നവർ എതിർത്തു. തുടർന്നാണ് 15 വരെ സമയം അനുവദിച്ച് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.