കൊച്ചി: ഒടുവിൽ കോർപ്പറേഷൻ മുട്ടുമടക്കി, ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ളാന്റ് നടത്തിപ്പുകാരെ വലയ്ക്കാതെ വൈദ്യുതി ബോർഡിന്റെ കുരുക്ക് അഴിക്കാൻ തീരുമാനമായി. പ്ളാന്റ് നടത്തിപ്പുകാരായ എൻവറോ ഗ്രീൻ കമ്പനിയാണ് വൈദ്യുതിബിൽ അടയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് മാലിന്യസംസ്കരണം നിർത്തിവയ്ക്കുമെന്ന നിലപാടെടുത്തത്.
വൈദ്യുതി ബിൽ അടയ്ക്കുന്നത് എൻവറോ ഗ്രീൻ കമ്പനിയാണ്. മാലിന്യം ഇടുന്ന ഭാഗത്താണ് മീറ്റർ. ഇത് പുറത്തേക്ക് മാറ്റിവച്ചു കൊടുക്കണമെന്ന് കെ.എസ്.ഇ.ബി 2016 ൽ കോർപ്പറേഷനെ അറിയിച്ചതാണ്. ഒരു നടപടിയുമുണ്ടായില്ല. ഇതോടെ
ശരാശരി ഉപഭോഗത്തിന് എല്ലാമാസവും ബിൽ നൽകി. മീറ്റർ കേടാണെന്നുകാട്ടി 30,000 രൂപ അധികമായും മാസം തോറും ചുമത്തി. പ്രളയത്തെ തുടർന്ന് ഒന്നര മാസത്തോളം പ്ളാന്റ് ഇരുട്ടിലായി. ജനറേറ്റർ വച്ചാണ് പ്ളാന്റ് പ്രവർത്തിപ്പിച്ചിട്ടും ഒരു കുറവുമില്ലാതെ വൈദ്യുതി ബില്ലെത്തി.
30,000 രൂപയുടെ അഡീഷണൽ ബിൽ കുടിശിക 7.65 ലക്ഷം രൂപ കവിഞ്ഞതോടെ ബോർഡ് കോർപ്പറേഷന് നോട്ടീസ് അയച്ചു. എൻവറോ കമ്പനി തുക അടച്ചില്ലെങ്കിൽ ബില്ലുകൾ പാസാക്കില്ലെന്നും കോർപ്പറേഷൻ നിലപാടെടുത്തതോടെ പ്ളാന്റ് നടത്തിപ്പിൽ നിന്ന് പിന്മാറുകയാണെന്ന് കാട്ടി കമ്പനി മേയർക്ക് കത്ത് നൽകി.
# സുരക്ഷയില്ലാത്ത പ്ളാന്റ്
കൊച്ചി കോർപ്പറേഷനെ കൂടാതെ അങ്കമാലി, ആലുവ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മുനിസിപ്പാലിറ്റികളിലെയും ചേരാനല്ലൂർ, പറവൂർ പഞ്ചായത്തുകളിലെയും മാലിന്യം സംസ്കരിക്കുന്നത് ബ്രഹ്മപുരത്താണ്. ശരാശരി 225 ടൺ മാലിന്യമാണ് സംസ്കരിക്കുന്നത്.
ആശുപത്രിയോ സ്കൂളോ ഏതുമാകട്ടെ ഏതു സ്ഥാപനത്തിനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോർപ്പറേഷനാണ് എല്ലാത്തിനും സർട്ടിഫിക്കറ്റ് നൽകുന്നത്. 60 തൊഴിലാളികൾ പണിയെടുക്കുന്ന പ്ളാന്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്നതു പോട്ടെ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
# അഭിപ്രായ ഭിന്നതകൾ പരിഹരിക്കും
വൈദ്യുതിബിൽ അടയ്ക്കുന്നതു സംബന്ധിച്ച തർക്കം എത്രയുംവേഗം പരിഹരിക്കുമെന്നും ഇത് മാലിന്യ സംസ്കരണത്തെ ബാധിക്കില്ലെന്നും ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു.
# സത്യാവസ്ഥ ബോധ്യപ്പെടുത്തും : മേയർ
ബ്രഹ്മപുരം പ്ളാന്റിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കെ.എസ്.ഇ.ബി ഒരു സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ബിൽ നൽകാൻ കഴിയില്ലെന്ന കാര്യം ഓഫീസറെ അറിയിക്കും. പ്ളാന്റിലെ മീറ്റർ ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്നും മേയർ സൗമിനി ജെയിൻ പറഞ്ഞു.