കൊച്ചി: മത്സ്യോത്പന്നങ്ങളുടെ ഗുണനിലവാരത്തിൽ യൂറോപ്പ്യൻ രാജ്യങ്ങളുൾപ്പെടെ മാനദണ്ഡങ്ങൾ കർക്കശമാക്കുന്ന സാഹചര്യത്തിൽ സുസ്ഥിര മത്സ്യക്കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ പ്രജനനം മുതൽ ഉത്പന്നങ്ങൾ വരെ ഗുണനിലവാരം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇന്ത്യൻ സമുദ്രോത്പന്നങ്ങൾ യൂറോപ്പ്, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് ഏറ്റവുമധികം എത്തുന്നത്. ഗുണനിലവാരം ഉറപ്പാക്കാൻ കൂടുതൽ നിബന്ധനകൾ ഈ രാജ്യങ്ങൾ സ്വീകരിക്കുന്നുണ്ട്. കീടനാശിനികൾ, ആന്റി ബയോട്ടിക്കുകൾ എന്നിവ നേരിയതോതിൽ കലർന്നാൽ മത്സ്യോത്പന്നങ്ങൾ തിരിച്ചയയ്ക്കും. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദരീതികൾ പ്രസക്‌തമാകുന്നത്.
കൃഷി ചെയ്തെടുക്കുന്ന ചെമ്മീൻ ഉൾപ്പെടെ മത്സ്യങ്ങളാണ് കൂടുതലും കയറ്റുമതി ചെയ്യുന്നത്. സുസ്ഥിര പരിതസ്ഥിതിയിൽ മത്സ്യക്കൃഷി ചെയ്താലേ ആഗോള വിപണിയിൽ മുന്നേറാനാകൂവെന്ന് കൃഷി, സംസ്‌കരണം, കയറ്റുമതി മേഖലകളിലെ പ്രമുഖരായ കിംഗ്സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടർ ഷാജി ബേബി ജോൺ പറഞ്ഞു. വിത്തു മുതൽ പാക്കിംഗ് വരെ വിദേശരാജ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കീടനാശിനികളും ആന്റി ബയോട്ടിക്കും ഉപയോഗിക്കാതെ പരിസ്ഥിതി സൗഹൃദ കൃഷിരീതി വേണം. അതിനുള്ള സാങ്കേതികവിദ്യ രാജ്യത്തുണ്ട്. ഈ രീതിയിൽ ഒരേക്കറിലെ കൃഷിക്ക് ആറുലക്ഷം രൂപയോളം ചെലവ് വരും. ആവശ്യമായ സാമ്പത്തികസഹായം സർക്കാരുകൾ ലഭ്യമാക്കണം. ഗുണനിലവാരം ഉറപ്പാക്കിയാൽ പത്തു വർഷത്തിനകം മത്സ്യക്കയറ്റുമതിയിൽ ഒന്നാംസ്ഥാനക്കാരായ ചൈനയ്ക്കൊപ്പമെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2013 മുതൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ 1,700 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിലെ സാങ്കേതിവിദ്യകൾ നവീകരിക്കാനും കഴിഞ്ഞാൽ ലക്ഷ്യം നേടാനാകും. കർഷകർക്ക് മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാം. കേന്ദ്രത്തിൽ രൂപീകരിച്ച ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നാണ് ആവശ്യം.
സർക്കാർ ചെയ്യേണ്ടത്
സുസ്ഥിര മത്സ്യകൃഷി നയവും തന്ത്രവും രൂപീകരിക്കണം
കൃഷിക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തണം. എങ്കിലേ ബാങ്കുകൾ വായ്‌പ നൽകൂ
മത്സ്യവിത്ത് മുതൽ കയറ്റുമതി വരെ ഓരോ ഘട്ടങ്ങത്തിലും സർട്ടിഫിക്കേഷൻ ഏർപ്പെടുത്തണം
കൂടുതൽ കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കണം
ഗതാഗത സംവിധാനങ്ങൾ ഒരുക്കണം
ആഭ്യന്തര വിപണി വർദ്ധിപ്പിക്കണം
ഇന്ത്യയിലെ മത്സ്യക്കൃഷി സാദ്ധ്യത
നദികൾ, കനാലുകൾ : 1,95,210 ദശലക്ഷം ഹെക്‌ടർ
ചെറുകിട, വൻകിട ജലസംഭരണികൾ : 2.9 ദശലക്ഷം ഹെക്‌ടർ
കുളങ്ങൾ, തടാകങ്ങൾ : 2.4 ദശലക്ഷം ഹെക്‌ടർ
ചതുപ്പുനിലങ്ങൾ : 0.8 ദശലക്ഷം ഹെക്‌ടർ
കൃഷിക്ക് വിനിയോഗിക്കുന്നത് : 2% മാത്രം
ഇന്ത്യയുടെ ഉത്പാദനം : 6 ദശലക്ഷം ടൺ
2030ൽ പ്രതീക്ഷിക്കുന്നത് : 8.2 ദശലക്ഷം ടൺ