കൊച്ചി: നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ ഒരു മലയാളി. എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ എന്ന മുപ്പത്തിരണ്ടുകാരനാണ് വാരണാസിയിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ചിഹ്നം ഫുട്ബാൾ.
കുന്നുകര എം.ഇ.എസ് കോളേജിലെ ബി.സി.എ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ ബി.സി ടു എ.ഡി ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.ഇ.ഒ. ആയിരുന്നു ആഷിൻ. മത്സരിക്കാനായി ജോലി ഉപേക്ഷിച്ചു. ഇന്ത്യൻ ഗാർന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരം. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് സ്വപ്‌നം.
തിരഞ്ഞെടുപ്പ് പ്രചരണത്തിനും സാക്ഷരതാ പ്രവർത്തനത്തിനുമായി ഗൂഗിൾ പേ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുന്ന വൺ റുപ്പി ചലഞ്ചിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ആഷിൻ പറയുന്നു. പ്രധാനമന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിക്കാൻ മേയ് 10-ന് ഡൽഹിയിൽ മാദ്ധ്യമങ്ങളെ കാണും. കേരളത്തിൽ നിന്നുള്ള കുറച്ചു സ്വാമിമാരെ വാരണാസിയിൽ എത്തിച്ച് പ്രചാരണത്തിന് കൊഴുപ്പു കൂട്ടും.
ചെറായി എസ്.എം.എച്ച്.എസ് സ്‌കൂളിനു സമീപം താമസിക്കുന്ന റിട്ട. റെയിൽവേ എൻജിനീയർ യു.വി സുധന്റെയും റിട്ട. അദ്ധ്യാപിക ബേബിയുടെയും മകനാണ് ആഷിൻ. അശ്വതിയാണ് ഭാര്യ.