ആലുവ : കണ്ണൂർ സ്വദേശിനിയായ ഏഴു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽ.ഇ.ഡി ബൾബ് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു.
കോഴിക്കോട്ടെ ആശുപത്രിയിൽ ബൾബെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് രാജഗിരിയിലേയ്ക്ക് മാറ്റിയത്. കൂർത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബൾബ് കിടക്കുന്നതെന്ന് പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. അഹമ്മദ് കബീർ പരിശോധനയിൽ കണ്ടെത്തി. കൂർത്ത അഗ്രങ്ങളുള്ള എൽ.ഇ.ഡി ബൾബ് ശ്വാസകോശത്തിൽ മുറിവേല്പിക്കാതെയും രക്തസ്രാവം ഉണ്ടാക്കാതെയും പുറത്തെടുക്കുക വെല്ലുവിളിയായിരുന്നു. രണ്ട് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ ബൾബ് പുറത്തെടുത്തു. പീഡിയാട്രിക് സർജറി മേധാവി ഡോ. റെജു ജോസഫ് തോമസ്, അനസ്‌തേഷ്യ വിഭാഗം ഡോ. സച്ചിൻ ജോർജ്, ഡോ. ഐറിൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി.