കൊച്ചി : പണിത് മൂന്നാം വർഷം അവശതയിലായ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ അടിമുടി ക്രമക്കേടുകളാണെന്നും കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പാലത്തിന്റെ തകരാർ പരിഹരിക്കാൻ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നിർദ്ദേശിച്ച നവീകരണ ജോലികൾ നിരീക്ഷിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
. വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
പാലം പണിക്ക് നിർദിഷ്ട അനുപാതത്തിൽ സിമന്റും മെറ്റലും ഉപയോഗിച്ചിട്ടില്ല. ഉദ്യോഗസ്ഥർ അടിമുടി വീഴ്ച വരുത്തി. ഇവരെ അഴിയെണ്ണിക്കണം. പരിശോധന നടത്തിയ ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
രൂപകല്പന മുതൽ ഇതാണ് സ്ഥിതി. കുറ്റക്കാരായി കണ്ടെത്തുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും.
പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല, പുന:സ്ഥാപിക്കലാണ് നടക്കുന്നത്. ഗുരുതരമായ പിഴവിന് പൂർണ ഉത്തരവാദി കൺസൾട്ടന്റുമാരായ കിറ്റ്കോയാണ്. നിർമ്മാണ ചുമതല വഹിച്ച കേരള റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് കോർപറേഷൻ ഉദ്യോഗസ്ഥരും തെറ്റുകാരാണ്. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും വിലയിരുത്തേണ്ട മുൻ യു.ഡി.എഫ് സർക്കാർ, റിവ്യൂ മീറ്രിംഗ് നടത്തിയത് എസ്റ്റിമേറ്റ് തുക 37 കോടിയിൽ നിന്ന് 47 കോടിയാക്കി നൽകാൻ വേണ്ടി മാത്രമായിരുന്നു.
കരാറുകാരന് കൊടുക്കാനുള്ള മൂന്നു കോടി രൂപ അഞ്ച് വർഷം കഴിഞ്ഞ് മാത്രമേ നൽകൂ.
കിറ്റ്കോ ആക്ടിംഗ് മാനേജിംഗ് ഡയറക്ടർ ജി. പ്രമോദ്, ആർ.ബി.ഡി.സി ജനറൽ മാനേജർ അലക്സ് എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പിഴവുകൾ ഇങ്ങനെ
* കൺസൾട്ടന്റുമാരായ കിറ്റ്കോ ഗുരുതരമായ പിഴവ് വരുത്തി. രൂപരേഖ കൃത്യമായി പരിശോധിക്കാതെ അംഗീകാരം നൽകി.
* രൂപകല്പന പ്രകാരം പിയർ, പിയർക്യാപ്, ഗർഡർ, ഡെക്ക്സ്ളാബ് എന്നിവയുടെ കോൺക്രീറ്റ് മിക്സ് എം. 35 നിലവാരമാണ്. പരിശോധിച്ചപ്പോൾ എം. 22 മാത്രമേയുള്ളൂ.
* എം 35 കോൺക്രീറ്റ് മിക്സിംഗിൽ അനുവദനീയമായ ഗർഡറുകളുടെ അകലം 26.25 മില്ലിമീറ്റർ ആണെങ്കിൽ ഇത് 67.97മില്ലിമീറ്ററാണ്.
*കൂട്ടിച്ചേർക്കുന്ന ഭാഗങ്ങളിൽ അനുവദനീയമായ വിള്ളലിന്റെ പരമാവധി പരിധി 0.20 മില്ലിമീറ്റർ ആണെങ്കിലും ഇവിടെ 0.235 മില്ലിമീറ്റർ ആണ്.