ആലുവ: മൗനത്തിന്റെ ഭാഷയ്ക്ക് വാക്കുകളേക്കാൾ ശക്തിയുണ്ടെന്ന് ശ്രീനാരായണ ഗുരുദേവൻ ഉൾപ്പെടെയുള്ള ഗുരുവര്യന്മാരുടെ ജീവിതം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്ന് റിട്ട. ജില്ലാ ജഡ്ജി വി.എൻ. സത്യാനന്ദൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ ഗുരുചൈതന്യ കുടുംബയൂണിറ്റ് വാർഷികത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവര്യന്മാർ മൗനത്തിലൂടെയാണ് ശിഷ്യന്മാരിലേക്ക് തീക്ഷ്ണമായ സന്ദേശങ്ങൾ കൈമാറിയത്. ശ്രീനാരായണ ഗുരുദേവൻ ആരാധനയിലും ആരാധനാമൂർത്തിയിലും വലിയ മാറ്റങ്ങൾ വരുത്തി. പ്രതീകാത്മകമായിട്ടായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.സി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, വനിതാസംഘം കൗൺസിലർ ജോയി സലിൽകുമാർ, വിദ്യ ബൈജു, റീന സജീവൻ എന്നിവർ സംസാരിച്ചു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിൽ സർവൈശ്വര്യപൂജയും നടന്നു.