amrita-hospital-

കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മംഗലാപുരത്തു നിന്ന് എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടുത്ത ആഴ്ച ഡിസ്ചാർജ് ചെയ്യുമെന്ന് അമൃതാ ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ ഒരുമാസം പ്രായമായ കുട്ടിയുടെ ആരോഗ്യനില പൂർണ തൃപ്തികരമാണ്. കുട്ടി മുലപ്പാൽ കുടിക്കുന്നുണ്ട്. ഐ.സി.യുവിൽ നിന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റി.കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യർത്ഥനപ്രകാരവും കുട്ടിയുടെ ആരോഗ്യനില മാനിച്ചും സന്ദർശകരെ അനുവദിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞമാസം 16നാണ് മംഗലാപുരം സ്വദേശികളായ സാനിയാ - മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശപ്രകാരം കുട്ടിയെ അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് അതി സങ്കീർണമായ ശസ്ത്രക്രിയയാണ് നടത്തിയത്. കാർഡിയോ പൾമണറി ബൈപ്പാസിലൂടെ നടത്തിയ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയവാൽവിന്റെ സങ്കോചവും മഹാധമനിയുടെ തകരാറും ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയും ചെയ്തിരുന്നു.