ആലുവ: രണ്ട് കേസുകളിലായി നാലര കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് യുവാക്കൾ പിടിയിലായി. ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് മുൻപിൽ നിന്ന് കാസർകോഡ് സ്വദേശി അബ്ദുൾ റസാഖ് (34), ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് മുൻപിൽ നിന്ന് ഇടക്കൊച്ചി പള്ളുരുത്തി സഫലി ജുമാമസ്ജിദ് പരോടത്ത്പറമ്പ് അഷ്‌കർ (32) എന്നിവരെയാണ് എക്‌സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്.
അബ്ദുൾ റസാഖിന്റെ പക്കൽ നിന്ന് 3.250 കിലോയും അഷ്‌കറിന്റെ പക്കൽ നിന്ന് 1.250 കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് നാട്ടിലെ ഇടനിലക്കാർക്ക് കൂടിയ വിലയ്ക്ക് വിറ്റു വരികയായിരുന്നു. രണ്ട് കിലോ കഞ്ചാവ് 15000 രൂപക്കാണ് ഇയാൾ വാങ്ങിയിരുന്നത്. ഇടനിലക്കാർക്ക് 25000 രൂപയ്ക്ക് മറിച്ചു വിൽക്കും. പള്ളുരുത്തി സ്വദേശിയായ അഷ്‌കർ സേലത്ത് നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. രണ്ട് കിലോ വരുന്ന പാഴ്‌സലിന് 20000 രൂപയാണ് ഇയാൾ നൽകുന്നത്. ചെറുപൊതികളിലാക്കി ചില്ലറ കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്. അൻപത് ഗ്രാം കഞ്ചാവിന് രണ്ടായിരം രൂപ നിരക്കിലാണ് ഇയാൾ വിറ്റിരുന്നത്.
വളർത്തു പൂച്ചകളെ വിൽക്കുന്ന ഇടപാടും അഷ്‌കറിനുണ്ട്. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് വിൽപ്പന. പൂച്ചകളെ വിൽക്കുന്നതിനായി ഉണ്ടാക്കിയ കൂട്ടായ്മയും ഇയാൾ കഞ്ചാവ് വിൽക്കാൻ ഉപയോഗിച്ചു. എക്‌സൈസ് സി.ഐ. സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എ.ഇ.ഐ. വി.എം. ഹാരീസ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ, സലീം യൂസഫ്, സി.ഇ.ഒ.മാരായ സിദ്ധാർത്ഥ്, പ്രദീപ്, ഷാബു, റൈബി, ഉമ്മർ, സുനീഷ്‌കുമാർ, സജോ വർഗീസ്, അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.