കൊച്ചി: ശ്രീലങ്കയിലെ സ്ഫോടനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ പാലക്കാട് അക്ഷയ നഗറിൽ അബു ദുജാനയെന്ന റിയാസ് അബൂബക്കറിനെ (29) കൂടുതൽ ചോദ്യം ചെയ്യാനായി നാലു ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 29ന് അറസ്റ്റിലായ ഇയാളെ എൻ.ഐ.എ കോടതി ഏപ്രിൽ 30 ന് ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം അഞ്ച് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയിൽ ചോദിച്ചത്.
റിയാസിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളുടെ സ്വഭാവവും കസ്റ്റഡി അപേക്ഷയിലെ വസ്തുതകളും പരിഗണിക്കുമ്പോൾ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
മേയ് പത്തിന് വൈകിട്ട് മൂന്നു വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത്, പ്രതിക്ക് വക്കീലുമായി ബന്ധപ്പെടാൻ അവസരം നൽകണം എന്നീ നിർദ്ദേശങ്ങളും കോടതി നൽകി. കാസർകോടു നിന്ന് യുവാക്കൾ ഐസിസിൽ ചേരാൻ നാടുവിട്ട കേസിലാണ് റിയാസിനെയും പ്രതി ചേർത്തത്.
സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നവരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തിയിരുന്നു. നേരത്തേ കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഐസിസ് റിക്രൂട്ട്മെന്റ് കേസ് 2016 ആഗസ്റ്റ് 24 നാണ് എൻ.ഐ.എ ഏറ്റെടുത്തത്.
ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൾ റാഷിദുമായും ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയുമായും 2016 മുതൽ ഒാൺലൈൻ ചാറ്റിംഗ് ഉണ്ടെന്നും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുന്നതുൾപ്പെടെ റാഷിദിന്റെ ആഡിയോ ക്ളിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും റിയാസ് നേരത്തേ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എൻ.ഐ.എ നൽകിയ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
കേരളത്തിൽ ഐസിസിനു വേണ്ടി ചാവേറാക്രമണം നടത്താൻ തയ്യാറായിരുന്നു. ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ പ്രഭാഷണങ്ങളും വീഡിയോകളും ഒരു വർഷമായി പിന്തുടരുന്നുണ്ടെന്നും റിയാസ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
ഈ സാഹചര്യത്തിൽ ഐസിസിൽ ചേരാൻ നാടുവിട്ടവരെക്കുറിച്ച് അറിയാനും വേറെ ഐസിസ് അനുകൂല ഗ്രൂപ്പുകൾ (മൊഡ്യൂളുകൾ) കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്നു കണ്ടെത്താനും കൂടുതൽ തെളിവ് ശേഖരിക്കാനുമൊക്കെ റിയാസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു എൻ.ഐ.എ ആവശ്യം.