കൊച്ചി : കേരള വിദ്യാഭ്യാസചട്ട പ്രകാരം അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള അധികാരം സർക്കാർ വിനിയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിണിത ഫലമെന്തെന്ന് ആലോചിക്കാതെയാണ് സർക്കാർ ഇപ്പോൾ തസ്തിക സൃഷ്ടിക്കാനുള്ള അധികാരം വിനിയോഗിക്കുന്നത്. ഇത് അനാവശ്യ വ്യവഹാരങ്ങൾക്കും അധികച്ചെലവിനും കാരണമാകും - ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ലോവർ ഗ്രേഡ് സംഗീതാദ്ധ്യാപകനായ കെ. ഹരിമുരളിയുടെ നിയമനം സർക്കാർ അംഗീകരിക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. തന്റെ സ്ഥിര നിയമനം സർക്കാർ അംഗീകരിക്കാത്തതിനെതിരെ കെ. ഹരിമുരളി നൽകിയ ഹർജിയിൽ നിയമനം ശരിവയ്ക്കാൻ സിംഗിൾബെഞ്ച് സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാരും ഡി.പി.ഐയും നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് സിംഗിൾബെഞ്ചിന്റെ ഉത്തരവ് ശരിവച്ചു.
യു.പി സ്കൂളിൽ 500ലേറെ കുട്ടികൾ നിലവിലുണ്ടെങ്കിൽ സംഗീതം, തുന്നൽ, ഡ്രോയിംഗ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഒരു സ്പെഷ്യലിസ്റ്റ് അദ്ധ്യാപകനെ നിയമിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ച് ഒരു കായികാദ്ധ്യാപകൻ നിലവിലുണ്ടെന്ന്ചൂണ്ടിക്കാട്ടിയാണ് സർക്കാർ സംഗീത അദ്ധ്യാപകന്റെ നിയമനം അംഗീകരിക്കാതിരുന്നത്. സംഗീതാദ്ധ്യാപകന്റെ ഒഴിവിലേക്ക് 2009 ലാണ് ഹർജിക്കാരൻ ജോലിയിൽ പ്രവേശിച്ചത്. സംഗീതാദ്ധ്യാപകൻ നിലവിലുള്ളപ്പോഴാണ് സ്കൂൾ മാനേജരുടെ അപേക്ഷ പ്രകാരം കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള അധികാരം വിനിയോഗിച്ച് സർക്കാർ കായികാദ്ധ്യാപകന്റെ അധിക തസ്തിക സൃഷ്ടിച്ചത്. ഈ അദ്ധ്യാപകൻ വിരമിക്കുന്നതോടെ അധിക തസ്തിക ഇല്ലാതാവുകയും ചെയ്യും. ഇതിന്റെ പേരിൽ സ്ഥിരം തസ്തികയിലെ നിയമനം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.