ആലുവ: നിശാപാർട്ടികൾക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിൻ 50 ഗ്രാം ആലുവയിൽ എക്സൈസ് പിടികൂടി.
കേസിൽ കോഴിക്കോട് കുറ്റിച്ചിറ ദേശം ഫ്രാൻസിസ് റോഡിന് സമീപം ചെറിയ ചക്കാല തോപ്പുംപാറ സി.പി വീട്ടിൽ സവാദ് ഹനീഫ (29) അറസ്റ്റിലുമായി. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിൻ 10 ഗ്രാം കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. നൂറ് കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് തുല്യമുള്ള കുറ്റകൃത്യമാണിത്.
ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് രാസലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. ഉപയോഗ ക്രമം പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാം.
വർഷങ്ങളായി സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗവും വില്പനയും ഉണ്ടെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. മൂന്ന് മണിക്കൂറിനുള്ളിൽ 20 ലക്ഷം രൂപ വരെ കേസിൽ നിന്നൊഴിവാക്കാൻ ഇയാൾ വാഗ്ദാനം ചെയ്തു. ഇനി കേസെടുത്താൽ തന്നെ താൻ നിഷ്പ്രയാസം ഉൗരിപ്പോകുമെന്നാണ് ഇയാളുടെ നിലപാട്.
ഏറെക്കാലം വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയ ഇയാൾ അത് ഉപേക്ഷിച്ചാണ് മയക്കുമരുന്ന് ബിസിനസിലേക്കിറങ്ങിയത്.
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ശ്രീരാജ്, പ്രിവന്റീവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എക്‌സ്. റൂബൻ, സിദ്ധാർത്ഥകുമാർ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.