ചെന്നൈ: ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ ക്വാളിഫയർ മത്സരം, ക്വാളിഫയർ മുംബയ് ഇന്ത്യൻസ് രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്‌സുമായി ഏറ്റുമുട്ടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും. എന്നാൽ തോൽക്കുന്ന ടീമിന് ഒരവസരം കൂടിയുണ്ട്. ഡൽഹിയും ഹൈദരാബാദും തമ്മിലുള്ള എലിമിനേഷനിൽ ജയിക്കുന്ന ടീമുമായി ക്വാളിഫയർ രണ്ടിലാണ് ക്വാളിഫയർ ഒന്നിൽ തോറ്റ ടീം മത്സരിക്കുന്നത്. വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയർ. ഞായറാഴ്ചയാണ് കലാശപ്പോര്.
മൂന്നുതവണ ചാമ്പ്യന്മാരായിട്ടുള്ള മുംബയും ചെന്നൈയും നാലാം കിരീടം തേടിയാണ് ഇറങ്ങുന്നത്. ഷെയ്ൻ വാട്‌സൺ, സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലസിസ് തുടങ്ങി മുൻനിര ബാറ്റ്‌സ്മാൻമാരുടെ സ്ഥിരതയില്ലാ പ്രകടനമാണ് ചെന്നൈ നേരിടുന്ന പ്രധാന വെല്ലുവിളി. ക്യാപ്റ്റൻ ധോണിയാണ് പ്രതീക്ഷ. അതേസമയം, പരിക്കേറ്റ കേദാർ ജാദവ് ചെന്നൈ നിരയിലുണ്ടാകില്ല. സ്പിൻ ബൗളർമാരാണ് ചെന്നൈയുടെ മുന്നേറ്റത്തിൽ നിർണായകമായത്. 21 വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കക്കാരൻ സ്പിന്നർ ഇമ്രാൻ താഹിർ, 13 വിക്കറ്റുകൾ വീതം നേടിയ ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ മുംബൈയ്ക്ക് വെല്ലുവിളിയാകും.
സീസണിൽ ചെന്നൈക്കെതിരെ കളിച്ച രണ്ട് കളികളിലും ജയം മുംബൈക്കൊപ്പമായിരുന്നു. ഈ പ്രതീക്ഷയിലാണ് ടീം ഇറങ്ങുന്നത്. ഓപ്പണർ ക്വിന്റൺ ഡി കോക്കും ഹർദിക്ക് പാണ്ഡ്യയുമാണ് കരുത്ത്. നായകൻ രോഹിത് ശർമയും ഫോം വീണ്ടെടുത്തിട്ടുണ്ട്. 17 വിക്കറ്റുമായി പേസർ ജസ്‌പ്രീത് ബുംമ്രയാണ് ബൗളർമാരിൽ മുന്നിൽ.