കൊച്ചി: കേരളത്തിലേക്ക് ഒഴുകുന്ന രാസ ലഹരികളുടെ ഉറവിടം ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളെന്ന് എക്‌സൈസിന്റെ കണ്ടെത്തൽ. മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിനുമായി കോഴിക്കോട് കുറ്റിച്ചിറ ദേശം തോപ്പുംപാറ സി.പി വീട്ടിൽ സവാദ് ഹനീഫയെ (29) കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ലഹരി മരുന്നുകളുടെ കേന്ദ്രം ബംഗളൂരുവിലെ ആഫ്രിക്കൻ സെറ്റിൽമെന്റുകളെന്ന വിവരം ലഭിച്ചത്. രാസ ലഹരിമരുന്നുകൾ ഇവിടെ നിർമ്മിക്കുന്നതായാണ് സൂചന. സംഭവത്തിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ നേരത്തെ രാസലഹരിയുമായി പിടിയിലായവരിൽ പലർക്കും മയക്കുമരുന്ന് ലഭിച്ചത് ബംഗളൂരും ഗോവയിലും താമസമാക്കിയ ആഫ്രിക്കൻ വംശജരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവർക്കായി അന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും മുഖ്യ ഇടപാടുകാരെയോ ആഫ്രിക്കൻ വംശജരെയോ പിടികൂടാൻ പൊലീസിനും എക്‌സൈസിനും സാധിച്ചില്ല. എന്നാൽ, മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിൻ പോലെ മരണ കാരണമായേക്കാവുന്ന ലഹരിമരുന്നിന്റെ ഒഴുക്ക് കൂടിയതോടെ ഇത്തരം കേന്ദ്രങ്ങളെ പൂട്ടിക്കെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ്.
പ്രാദേശിക ക്രിമിനൽ സംഘങ്ങളുമായി ചേർന്നാണ് ആഫ്രിക്കൻ സെറ്റിൽമെന്റുകൾ പ്രവർത്തിക്കുന്നതെന്നാണ് എക്സൈസിന് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി എത്തിയവരാണ് കോളനികളിൽ താമസിക്കുന്നവർ അധികവും. 2016ൽ വിസ കാലവധി അവസാനിച്ച ശേഷം ഇന്ത്യയിൽ തങ്ങിയ 50 വിദ്യാർത്ഥികളെ ബംഗളൂരു പൊലീസ് സ്വദേശത്തേയ്ക്കു മടക്കി അയച്ചിരുന്നു. ലഹരിമയക്കു മരുന്ന് കേസുകളിൽ ആഫ്രിക്കൻ പൗരന്മാർ തുടർച്ചയായി ഉൾപ്പെടുന്നത് പരിഗണിച്ചായിരുന്നു ബംഗളൂരു പൊലീസിന്റെ നടപടി.
അനധികൃതമായി തങ്ങുന്ന 1,500 ആഫ്രിക്കൻ പൗരന്മാരുടെ പട്ടിക അന്ന് ബംഗളൂരു പൊലീസ് തയ്യാറാക്കിയിരുന്നു. എന്നാൽ, സമൂഹ്യ പ്രവർത്തകരും ആഫ്രിക്കൻ വിദ്യാർത്ഥികളുടെ സംഘടനയും രംഗത്ത് എത്തിയതോടെ തുടർ നടപടികൾ ഉപേക്ഷിക്കുകയായിരുന്നു. 6,000 ആഫ്രിക്കൻ വിദ്യാർത്ഥികൾ ബംഗളൂരുവിൽ മാത്രം പഠിക്കുന്നതായാണ് കണക്ക്. അതേസമയം, കഴിഞ്ഞ വർഷം നിരവധി ആഫ്രിക്കൻ വംശജർ ലഹരി മരുന്ന് കേസിൽ ബംഗളൂരു പൊലീസിന്റെ പിടിയിലായിരുന്നു.
ലഹരിമരുന്നു മാഫിയയിൽ മുൻപന്തിയിലുള്ള നൈജീരിയക്കാർ ഉൾപ്പെടെയുള്ള ആഫ്രിക്കൻ പൗരന്മാർക്ക് തടയിടാൻ കർക്കശ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. ലഹരിമരുന്നു വില്പനയുടെ പേരിൽ ക്രിമിനൽ കേസുകൾ നേരിടുന്ന ആഫ്രിക്കൻ വംശജരെ വേണ്ടിവന്നാൽ നാടുകടത്താൻ വരെ കർണാടക സർക്കാർ ആലോചിച്ചിരുന്നു.
നടപടി വേഗത്തിൽ
ലഹരി കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളിൽ നിന്ന് ആഫ്രിക്കൻ വംശജനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ശേഷം തുടർനടപടി വേഗത്തിലാക്കും.
അശോക് കുമാർ,, എക്സൈസ് എൻഫോഴ്സ്മെന്റ്, കൊച്ചി