കൊച്ചി: രാജ്യത്തെ ആദ്യ ആൻഡ്രോയിഡ് അധിഷ്‌ഠിത ബസ് ടിക്കറ്റിംഗ് മെഷീനും ഐ.എസ്.ആർ.ഒയുടെ നാവിക് ഉപഗ്രഹ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഹന ഗതിനിർണയ (ട്രാക്കിംഗ്) ഉപകരണവും കൊച്ചിയിലെ സ്‌റ്റാർട്ടപ്പായ വി.എസ്.ടി മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാൻസ്‌പോർട്ട് അംഗീകരിച്ച ആൻഡ്രോയിഡ് ടിക്കറ്റ് മെഷീനായ മോബ്‌ഗോയിൽ 5.5 ഇഞ്ച് സ്‌ക്രീനാണുള്ളത്.

മൊബൈൽ ഇടപാടുകളുൾപ്പെടെ സാദ്ധ്യമാക്കുന്ന 'നോ ഫീൽഡ് കമ്മ്യൂണിക്കേഷൻ" (എൻ.എഫ്‌.സി) സാങ്കേതിക വിദ്യയിലൂടെ സ്‌മാർട് കാർഡ് ഉപയോഗിച്ച് കറൻസിരഹിത ഇടപാടും നടത്താം.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.ആർ.എ.ഐ.) അംഗീകരിച്ച സ്‌മാർട് എക്ലിപ്‌സ് എന്ന വാഹന ട്രാക്കിംഗ് ഐ.എസ്.ആർ.ഒയുടെ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനമായ നാവിക് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ജി.പി.എസിനു പകരം ഏപ്രിൽ ഒന്നു മുതൽ നാവിക് അടിസ്ഥാനമാക്കിയ ഗതിനിർണയ സംവിധാനം വാഹനങ്ങളിൽ ഘടിപ്പിക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

കേരള സ്‌റ്റാർട്ടപ്പ് മിഷനു കീഴിൽ കളമശേരിയിലെ കേരള ടെക്‌നോളജി ഇനോവേഷൻ സോണിലാണ് വി.എസ്.ടി പ്രവർത്തിക്കുന്നത്. ഖത്തർ, സൗദി അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റ് മെഷീന് ഓർഡറുകൾ ലഭിച്ചതായി കമ്പനി അധികൃതർ പറഞ്ഞു.