congress
കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി വിവാദ ഭൂമിയിലേക്ക് നടത്തിയ മാർച്ച് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വ്യാജരേഖ നിർമ്മിച്ച് തണ്ണീർത്തടം നികത്തുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം കമ്മിറ്റി വിവാദ ഭൂമിയിലേക്ക് മാർച്ച് നടത്തി.

ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ദേശീയപാതയോട് ചേർന്ന് മുട്ടത്താണ് 25 സെന്റ് തണ്ണീർത്തടം നികത്തി പുരയിടമാക്കാൻ വ്യാജരേഖയുണ്ടാക്കിയത്. വിവാദസ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗോഡൗണിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, മുഹമ്മദ് ഷെഫീക്ക്, ടി.ഐ. മുഹമ്മദ്, ജി. മാധവൻ കുട്ടി, നസീർ ചൂർണിക്കര, വില്യം ആലത്തറ, നിർമ്മൽ കുമാർ, കെ.കെ. ശിവാനന്ദൻ, സി.പി. നാസർ, ലിനീഷ് വർഗീസ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

പ്രതിഷേധ യോഗത്തിന് ശേഷം വിവാദ ഭൂമിയിലെ ഗോഡൗണിലേക്ക് തള്ളിക്കയറിയതോടെ പൊലീസുമായി ഉന്തും തളളുമായി. നേതാക്കൾ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.