isis

കൊച്ചി: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസൽ (29) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) നിർദ്ദേശപ്രകാരം ഖത്തറിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കസ്‌റ്റഡിയിൽ എടുത്തതായി എൻ.ഐ.എ സ്ഥിരീകരിക്കുന്നില്ല. ഇന്ന് രാവിലെ എൻ.ഐ.എയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നോട്ടീസ്.


ഐസിസ് റിക്രൂട്ട്മെന്റ് കേസിലെ 18ാംപ്രതിയാണ് ഫൈസൽ. കേരളത്തിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമങ്ങൾ നടത്തിയ സംഘത്തിൽ ഫൈസലുമുണ്ടെന്നാണ് എൻ.ഐ.എ നിഗമനം. നേരത്തെ അറസ്‌റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറും ഫൈസലും പലതവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചു. റിയാസിനെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, ഫൈസലുമായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്ന ഒരു യുവതി അടക്കമുള്ളവർ എൻ.ഐ.എ നിരീക്ഷണത്തിലാണ്.


റിയാസിൽ നിന്നാണ് മുഹമ്മദ് ഫൈസലിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പിതാവ് വർഷങ്ങളായി വിദേശത്താണ്. ഒന്നരമാസം മുമ്പാണ് ഫൈസൽ ഖത്തറിലെത്തിയത്. ജോലി ലഭിക്കാത്തതിനാൽ ബന്ധുവിന്റെ ഫ്‌ളാറ്റിലാണ് താമസം. അഞ്ചു മുതൽ പത്തുവരെ ജിദ്ദയിലെ സ്‌കൂളിൽ പഠിച്ച ഇയാൾ പിന്നീട് കൊല്ലത്തു നിന്ന് എൻജിനിയറിംഗും തിരുവനന്തപുരത്ത് നിന്ന് ഫയർ ആൻഡ് സേഫ്ടി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. കൊച്ചിയിൽ കുറച്ചുനാൾ തങ്ങിയിരുന്നതായും സംശയിക്കുന്നു.