maradu

കൊച്ചി: മരട് ഗ്രാമപഞ്ചായത്ത് നൽകിയ ബിൽഡിംഗ് പെർമിറ്റ് പിന്നീട് മുനിസിപ്പാലിറ്റിയായപ്പോൾ ഭരണസമിതി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ കേസുകളാണ് ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിന് വഴിതെളിച്ചത്.

2006 - 2007ലാണ് അഞ്ചു ഫ്ളാറ്റുകൾ നിർമ്മിക്കാൻ മരട് ഗ്രാമ പഞ്ചായത്ത് പെർമിറ്റ് നൽകിയത്. 2010 ൽ മരട് നഗരസഭയായി. നിയമം പാലിച്ചല്ല പെർമിറ്റ് നൽകിയതെന്ന് ടി.കെ. ദേവരാജൻ ചെയർമാനായ മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ ഭരണസമിതി കണ്ടെത്തി. തദ്ദേശ വകുപ്പിന്റെ വിജിലൻസും അപാകത കണ്ടെത്തി. തീരദേശ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടെ ലംഘിച്ച 31 കെട്ടിടങ്ങളുടെ പെർമിറ്റ് റദ്ദാക്കാൻ വിജിലൻസ് നഗരസഭയ്‌ക്ക് കത്തും നൽകി. നഗരസഭ പെർമിറ്റ് റദ്ദാക്കി. ഇതിനെതിരെ

നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നഗരസഭയുടെ ഉത്തരവ് റദ്ദാക്കിയും പഞ്ചായത്തിന്റെ പെർമിറ്റ് ശരിവച്ചും സിംഗിൾ ബെഞ്ച് വിധിച്ചു. ഫ്ളാറ്റ് നിർമ്മാണം തുടർന്നു.

നഗരസഭ 2014 ൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. നിയമലംഘനമുണ്ടെന്ന് കാട്ടി തീരദേശ പരിപാലന അതോറിറ്റിയും കക്ഷി ചേർന്നു. ഡിവിഷൻ ബെഞ്ച് വിധിയും നഗരസഭയ്ക്കെതിരായി. നഗരസഭയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഫ്ളാറ്റുകൾക്ക് അനുമതി നൽകിയത്. നിർമ്മാണം നിറുത്താനുള്ള സ്റ്റോപ്പ് മെമ്മോ നൽകാൻ നഗരസഭയ്‌ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു. പക്ഷേ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയില്ല. ഫ്ളാറ്റ് നിർമ്മാണം തുടർന്നു. പിന്നീട് പല ഹർജികളിലായി കെട്ടിട നമ്പറിനടക്കം ഫ്ളാറ്റ് ഉടമകൾ അനുകൂല വിധി സമ്പാദിച്ചു.

കേസ് ഡിവിഷൻ ബെഞ്ചിൽ എത്തിയപ്പോഴേക്കും ഫ്ളാറ്റുകൾ വിറ്റിരുന്നു. അക്കാര്യവും പല ഫ്ലാറ്റുകളിലും താമസക്കാരുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ തീരദേശ നിയമത്തിന്റെ ലംഘനം പരിഗണിച്ച ഹൈക്കോടതി നഗരസഭയുടെ വീഴ്ചയുടെ ഉത്തരവാദിത്വം ബിൽഡിംഗ് പെർമിറ്റ് നേടിയ ഉടമകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് വിലയിരുത്തി അപ്പീൽ തള്ളി.

മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടങ്ങൾ പാലിച്ചുള്ള നോട്ടീസല്ല മരട് നഗരസഭ നൽകിയതെന്നും ഹൈക്കോടതി വിലയിരുത്തി. ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തോ എന്ന ചോദ്യത്തിന് നഗരസഭ കൃത്യമായ മറുപടി നൽകിയില്ലെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് തീരദേശ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. നഗരസഭയും കക്ഷി ചേർന്നു. ഈ ഹർജിയിലാണ് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.