കൊച്ചി: ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാലിനെ മലപ്പുറത്ത് കണ്ടെത്തി. സ്‌നേക്ക്‌ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട ഇത് നിഗൂഢമായ ജീവിതരീതികളുള്ള മത്സ്യമാണ്. ജലാശയങ്ങളുടെ അടിത്തട്ടിലെ അറകളിലാണ് വാസം.
ഗോലം സ്‌നേക്ക്ഹെഡ് എന്ന ഈ വരാലിന്റെ ശാസ്ത്രനാമം അനിക്മാചന ഗോലം. വരാൽ കുടുംബത്തിലെ പുതിയ വർഗമായി ഇനി ഇതറിയപ്പെടും.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) പഠനസംഘമാണ് ഗോലം വരാലിനെ കണ്ടെത്തിയത്. ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനും ഫിഷ് ടാക്‌സോണമിസ്റ്റുമായ ഡോ.റാൽഫ് ബ്രിറ്റ്‌സ് നയിക്കുന്ന സംഘത്തിൽ ഗവേഷകനായ ഡോ.രാജീവ് രാഘവനും പി.എച്ച്.ഡി വിദ്യാർത്ഥി വി.കെ.അനൂപും അംഗമാണ്.
പ്രളയത്തിൽ വയലിലെത്തി
മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി അജീറിന്റെ നെൽവയലിൽ നിന്നാണ് ഗോലം വരാലിനെ കണ്ടെത്തിയത്. പ്രളയത്തിന്റെ കുത്തൊഴുക്കിൽ എത്തപ്പെട്ടതാകാനാണ് സാദ്ധ്യത. 9.2 സെന്റി മീറ്റർ നീളമുണ്ട്.
സ്‌നേക്ക് ഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം വരാൽ മത്സ്യങ്ങളെയാണ് ലോകത്താകെ കണ്ടെത്തിയിട്ടുള്ളത്. ജലോപരിതലത്തിൽ നിന്ന് വായു ശ്വസിക്കുന്ന ഇവയ്ക്ക് വെള്ളമില്ലാത്ത ഈർപ്പമുള്ളിടത്ത് ആഴ്ചകളോളം ജീവിക്കാനാകും. ഇതിന് വിപരീതമായ ജീവിതമാണ് ഗോലം വരാലുകൾക്ക്. ഇവയ്ക്ക് ജലോപരിതലത്തിൽ നിന്ന് ശ്വസിക്കാനാവില്ല.