pulickal-exports

കാലടി: ശ്രീമൂലനഗരം ചൊവ്വര, എം.എൽ.എ റോഡിലെ ഫിഗോ ഡോർ ഫർണിച്ചർ എക്സ്പോർട്ട് കമ്പനിയിൽ വൻതീപിടിത്തം. ശ്രീമൂലനഗരം സ്വദേശി അബ്ദുൽകരീമിന്റേതാണ് സ്ഥാപനം. തടി ഉൽപ്പന്നങ്ങളും മെഷിനറിയുമാണ് കത്തിനശിച്ചത്.

വ്യാഴാഴ്ച രാത്രി 1. 45 ന് ഉണ്ടായ തീ അണയ്ക്കാൻ നാട്ടുകാരും ജോലിക്കാരും ചേർന്നു ശ്രമിച്ചെങ്കിലും സാധിച്ചില്ല. പത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥലത്ത് നിന്നും മാറ്റി. പെരുമ്പാവൂർ, ആലുവ, അങ്കമാലി പ്രദേശത്തുള്ള സ്റ്റേഷനുകളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണാധീനമാക്കിയത്. ഇന്നലെ രാവിലെ 11 മണിയോടെ പൂർണമായും അണച്ചു.

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പൈൻ മരങ്ങളുടെ ഉരുപ്പടികൾക്കാണ് തീ പിടിച്ചത്. ഇവ ഉപയോഗിച്ച് വാതിൽ, ജനൽ തുടങ്ങിയ ഫർണിച്ചർ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. കമ്പനിയിലുണ്ടായിരുന്ന രാസവസ്തുക്കളും, ഫൈബർ ഉൽപ്പന്നങ്ങളും കത്തിപ്പോയി. കഴിഞ്ഞ ആഴ്ച കൊണ്ടുന്ന ഒരു കണ്ടെയ്നർ മരഉരുപ്പടികളും ഓഫീസ് മുറിയും കത്തിനശിച്ചു. രണ്ടു കോടിയോളം രൂപയാണ് നഷ്ടം കണക്കാക്കപ്പെടുന്നത്. രണ്ട് ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ വീതം വായ്പയുണ്ട് സ്ഥാനത്തിന്.

അൻവർ സാദത്ത് എം.എൽ.എ സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. പൊലീസ് കേസെടുത്തു.