കൊച്ചി : നഗരത്തെ വീണ്ടും വിസ്‌മയിപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) ചമ്പക്കരയിലെ പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചടങ്ങുകളൊന്നുമില്ലാതെ ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് അപ്രതീക്ഷിതമായി രണ്ടു വരി ഗതാഗതം സാദ്ധ്യമായ പാലം തുറക്കുകയായിരുന്നു.
മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെ രണ്ടാം ഘട്ടത്തിന്റെ തുടർച്ചയായാണ് ചമ്പക്കര കായലിന് കുറുകെ പുതിയ പാലം നിർമ്മിച്ചത്. നിലവിലുള്ള പാലത്തിന്റെ കിഴക്കുവശത്താണ് രണ്ടു വരി പുതിയ പാലം നിർമ്മിച്ചത്. ഡി.എം.ആർ.സിയാണ് പാലത്തിന്റെ നിർമ്മാണച്ചുമതല വഹിച്ചത്.
കഴിഞ്ഞയാഴ്ചയിൽ പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂർത്തിയാക്കിയിരുന്നു. മിനുക്കുപണികളായിരുന്നു ബാക്കി. ഒരാഴ്ച മുമ്പ് മെട്രോ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പണി പൂർത്തിയായാലുടൻ ചടങ്ങിന് കാത്തുനിൽക്കാതെ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ പാലം തുറന്നത്. ഇ. ശ്രീധരൻ കാലടിയിൽ ഒരു പരിപാടിയിൽ സംബന്ധിക്കുന്നതിനിടെയാണ് പാലം തുറന്നത്.
ആർച്ച് പാലം, രണ്ടു വരി ഗതാഗതം
പാലത്തിന്റെ നിർമ്മാണം2017 സെപ്തംബർ 11 നാണ് ആരംഭിച്ചത്. മുപ്പതു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. രണ്ടു വരി ഗതാഗതത്തിനുള്ള വീതിയിലാണ് പാലം പണിതത്. ആർച്ച് സാങ്കേതികവിദ്യയിലാണ് പാലം രൂപകല്പന ചെയ്തത്. ഈയിടെ നിര്യാതനായ പ്രമുഖ സിവിൽ എൻജിനീയർ അരവിന്ദനാണ് പാലം രൂപകല്പന ചെയ്തത്. മൂവാറ്റുപുഴയിലെ മേരിമാത കൺസ്ട്രക്ഷൻസാണ് പാലത്തിന്റെ നിർമ്മാണക്കരാർ ഏറ്റെടുത്തത്. ഡി.എം.ആർ.സി എൻജിനീയർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണം മുഴുവൻ നടത്തിയത്.
രണ്ടാം പാലം നിർമ്മാണം ഉടൻ
പൂർത്തിയായ പാലത്തോട് ചേർന്നാണ് മെട്രോ റെയിൽപ്പാലവും നിർമ്മിക്കുന്നത്. ഇതിന്റെ തൂണുകൾ പൂർത്തിയാക്കിയിട്ടുണ്ട്. മെട്രോ പാതയുടെ മറുവശത്ത് നിലവിലെ പഴയ പാലം പൊളിച്ചുനീക്കി രണ്ടു വരിപ്പാലം പുതിയതായി നിർമ്മിക്കും. അതിന്റെ നിർമ്മാണവും വൈകാതെ ആരംഭിക്കുമെന്ന് ഡി.എം.ആർ.സി അധികൃതർ പറഞ്ഞു.
69.14 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണച്ചെലവ്
ഉദ്ഘാടനം ചടങ്ങുകളില്ലാതെ
പഴയ പാലം പൊളിച്ചുനീക്കി രണ്ടു വരിപ്പാലം ഉടനെ