ഫോർട്ട് കൊച്ചി: ആധാർ കാർഡിനായി പടിഞ്ഞാറൻ കൊച്ചിയിൽ ഒരു കേന്ദ്രം മാത്രം.പുതുതായി ആധാർ എടുക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഫോർട്ട് കൊച്ചി പോസ്റ്റ് ഓഫീസാണ് പ്രവർത്തിക്കുന്നത്.15 ടോക്കണാണ് ഇവിടെ നൽകുന്നത്.പുലർച്ചെ ആറ് മണിക്ക് എത്തിയാൽ മാത്രമേ പതിനഞ്ചിൽ ഉൾപ്പെടാൻ കഴിയൂ. ഒൻപത് മണിക്ക് മാത്രമേ ടോക്കൺ​വിതരണം ചെയ്യുകയുള്ളൂ. തലേ ദിവസം പെൻഡിങ്ങുള്ള ആധാർ കൊടുത്തതിനു ശേഷം മാത്രമേ പുതിയത് എടുക്കുകയുള്ളൂ. ചുരുക്കത്തിൽ രണ്ട് ദിവസത്തെ ജോലി ഉപേക്ഷിച്ച വേണം ആധാർ എടുക്കാൻ. ഫോർട്ടുകൊച്ചി കഴിഞ്ഞാൽ അടുത്ത കേന്ദ്രം എറണാകുളം ഹെഡ് പോസ്റ്റോഫീസാണ്.. സ്കൂൾ തുറക്കുന്ന സമയമായതിനാൽ വിവിധ ആവശ്യങ്ങൾക്ക് ആധാറി​ന് വേണ്ടി​ തി​രക്കാണ്.എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാർ എടുക്കാനുള്ള സംവിധാനം അധികാരികൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻ കാലങ്ങളിൽ അക്ഷയ കേന്ദ്രം വഴി ആധാർ എടുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു.എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ആ സംവിധാനവും നിലച്ചിരിക്കുകയാണ്. കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ ആധാർ എടുത്തിരുന്നത് തോപ്പുംപടി അക്ഷയ കേന്ദ്രം വഴിയായിരുന്നു.. കുമ്പളങ്ങി പഞ്ചായത്ത് പോസ്റ്റ് ഓഫീസിൽ ആധാർ സംവിധാനം ഉണ്ടായിരുന്നെങ്കിലും അതും നിലച്ചു. ഫോർട്ട് കൊച്ചി പോസ്റ്റ് ഓഫീസിൽ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന സ്വകാര്യ വ്യക്തിക്ക് ആറ് ടോക്കൻ വരെ നൽകിയതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു. കൈക്കുഞ്ഞുങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾവഴി ആധാർ എടുക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു

അക്ഷയകേന്ദ്രങ്ങളിൽ ആധാറില്ല

പോസ്റ്റ് ഓഫീസുകളിൽ പെടാപ്പാട് .