new-born-baby-killed

കൊച്ചി: ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്റെ ആദ്യഘട്ട ചികിത്സ പൂർത്തിയാക്കി. പീഡിയാട്രിക് കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന് അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ പുലർച്ച ഒന്നരയോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശെലജയുടെ ഫേസ്ബുക്ക് പേജിൽ കുഞ്ഞിന്റെ മാതാവിന്റെ സഹോദരൻ ജംഷീർ രോഗവിവരം അറിയിച്ചതിനു പിന്നാലെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ട് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കിയത്.

വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട് വിത്ത് പൾമണറി അട്രീഷ്യ എന്ന രോഗമുള്ള കുഞ്ഞിന് ഹൃദയത്തിന്റെ താഴത്തെ അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ വലിയ ദ്വാരമുണ്ട്. വലത്തെ അറയിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം എത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ല. ഇപ്പോൾ ഹൃദയത്തിൽനിന്നു ശ്വാസകോശത്തിലേക്കു രക്തമെത്തിക്കാനായി സ്റ്റെന്റ് ഇട്ടു. കുട്ടികളുടെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. എഡ്‌വിൻ ഫ്രാൻസിസ്, ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.തോമസ് മാത്യു, ഡോ. ബിജേഷ്. വി, ഡോ. ജെസൻ ഹെൻറി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. ബുധനാഴ്ച രാവിലെ 9.30 ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലോ തിരുവനന്തപുരത്തോ എത്തിക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നത്. മലപ്പുറം എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.